പാലക്കാട്: ജില്ല ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കൊവിഡ് ബാധിച്ചു മരിച്ച ജാനകി അമ്മയുടെ കുടുംബത്തിനാണ് അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹം മാറി നൽകിയത്. മൃതദേഹം സംസ്കരിച്ചതിനു ശേഷമാണ് ആശുപത്രി അധികൃതർ മാറിയ കാര്യം ബന്ധുക്കളെ അറിയിക്കുന്നത്. സംഭവത്തിൽ പാലക്കാട് ഡിഎംഒ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു.
പാലക്കാട് ജില്ല ആശുപത്രിയിൽ മൃതദേഹം മാറി നൽകി കഴിഞ്ഞ ദിവസം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അട്ടപ്പാടി ധോണിഗുണ്ടു സ്വദേശി വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ആവശ്യങ്ങൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് മൃതദേഹം ഏറ്റു വാങ്ങാനായി കുടുംബാംഗങ്ങളും അഗളി പൊലീസും എത്തിയപ്പോഴാണ് മൃതദേഹം മോർച്ചറിയിൽ ഇല്ല എന്നത് അധികൃതർ തിരിച്ചറിയുന്നത്. തുടർന്ന് ഇന്ന് രാവിലെ ശേഷിക്കുന്ന മൃതദേഹത്തിന്‍റെ ചിത്രം ജാനകി അമ്മയുടെ കുടുംബം തിരിച്ചറിഞ്ഞതോടെയാണ് ജാനകിക്ക് പകരം നൽകിയത് വള്ളിയുടെ മൃതദേഹം ആണെന്ന് മനസിലാകുന്നത്. വ്യാഴാഴ്ച മരിച്ച പാലക്കാട് സ്വദേശി ജാനകി അമ്മയുടെ മൃതദേഹം കൊവിഡ് പരിശോധനക്കയാണ് ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. പരിശോധന ഫലം പോസിറ്റീവ് ആയതോടെ മൃതദേഹം വൈദ്യുതി ചന്ദ്ര നഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കാൻ തീരുമാനിച്ചു. പി പിഇകിറ്റിൽ പൊതിഞ്ഞു ആശുപത്രി അധികൃതർ നൽകിയ മൃതദേഹം ബന്ധുക്കൾ ഏറ്റു വാങ്ങി സംസ്‌ക്കരിച്ചു.