പാലക്കാട്: പട്ടാമ്പി കിഴയൂരിൽ ഭാരതപ്പുഴയ്‌ക്ക് കുറുകെ തടയണ നിർമിക്കാൻ പദ്ധതി ഒരുങ്ങുന്നു. പട്ടാമ്പിയിലെ കാർഷിക മേഖലയിലേക്കും കുടിവെള്ള പദ്ധതികളിലേക്കും ജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തടയണ നിർമിക്കുന്നത്. നിലവിലുള്ള ചെങ്ങാനാംകുന്ന് റെഗുലേറ്ററിന് ഒരു കിലോമീറ്റർ അകലെയാണ് പുതിയ തടയണ നിർമിക്കുക. ഇതിന്‍റെ അനുമതിക്കായി തടയണയുടെ രൂപരേഖ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർക്ക് സമർപ്പിച്ചു. 15 കോടി രൂപ ചെലവിലാണ് പട്ടാമ്പി നഗരസഭയിലെ കിഴായൂർ നമ്പ്രതെയും തൃത്താല പഞ്ചായത്തിലെ ഞങ്ങട്ടിരിയെയും ബന്ധിപ്പിച്ചു കൊണ്ട് തടയണ നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്.
കാർഷിക മേഖലയ്‌ക്ക് താങ്ങായി ഭാരതപ്പുഴയ്‌ക്ക് കുറുകെ തടയണ നിർമിക്കാൻ പദ്ധതി - കാർഷിക മേഖലയ്‌ക്ക് താങ്ങ്
പട്ടാമ്പിയിലെ കാർഷിക മേഖലയിലേക്കും കുടിവെള്ള പദ്ധതികളിലേക്കും ജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തടയണ നിർമിക്കുന്നത്
കിഴായൂർ, ആര്യമ്പാടം, തൃത്താല പഞ്ചായത്തിലെയും ഞങ്ങട്ടിരിയിലേയും തിരുമിറ്റക്കോട് ഭാഗത്തെയും പടശേഖരങ്ങളിലേക്ക് ജലസേചനം ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 300 മീറ്റർ വീതിയിലും രണ്ട് മീറ്റർ ഉയരത്തിലുമാണ് തടയണയുടെ രൂപകൽപന. ചെങ്ങനാംകുന്ന് റെഗുലേറ്റർ വന്നതോടെയാണ് വേനൽ കാലത്ത് കിഴായൂർ പ്രദേശത്തേക്ക് വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞത്. ഇതോടെ കിഴായൂരിലേയും ആര്യമ്പാടത്തേയും 120 ഏക്കർ നെൽകൃഷി ഉണങ്ങുമെന്ന ആശങ്കയിലാണ്.
ഭാരതപ്പുഴയുടെ ഒഴുക്കുള്ള മറുഭാഗത്ത് നിന്ന് ഏറെ നീളത്തിൽ ചാലുകീറി കർഷകർ വെള്ളം കൊണ്ടുവരാൻ നടത്തിയ നീക്കവും കാര്യമായി വിജയിച്ചില്ല. മോട്ടോറിന് വലിക്കാൻ പറ്റാത്തത്ര അടിയിലാണ് വെള്ളമുള്ളത്. ഒഴുകി വരുന്ന വെള്ളവും കുറഞ്ഞു. 1480 ഹെക്‌ടർ നെൽകൃഷി തടയണയുടെ സമീപമുണ്ട്. പല പാടശേഖരങ്ങളിലും രണ്ടാം വിള നെൽകൃഷി മാത്രമാണ് നടത്തുന്നത്. തടയണ വന്നാൽ മുണ്ടകനും വിരിപ്പും പുഞ്ചയും കൃഷി ചെയ്യാം. മാത്രമല്ല പച്ചക്കറി കൃഷിയും ചെയ്യാൻ സാധിക്കും.