പാലക്കാട്: ഉപയോഗിച്ച് കളയുന്ന ചിരട്ടകള്‍ കിട്ടിയാല്‍ ജയപ്രകാശ് അതിനെ മനോഹര ശില്‍പങ്ങളാക്കും. ലോക്ക്‌ഡൗണ്‍ കാലത്ത് നേരമ്പോക്കായാണ് ഓട്ടോറിക്ഷ തൊഴിലാളിയായ ജയപ്രകാശ് ചിരട്ടകള്‍ ഉപയോഗിച്ച് കരകൗശല വസ്‌തുക്കള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അത് ജയപ്രകാശിന്‍റെയും കുടുംബത്തിന്‍റെയും ഉപജീവന മാര്‍ഗമായിരിക്കുകയാണ്. ആന, കുതിര, മയില്‍, സൈക്കിള്‍, പൂക്കള്‍ അങ്ങനെ നൂറിലേറെ വസ്‌തുക്കളാണ് ചിരട്ടകള്‍ ഉപയോഗിച്ച് ജയപ്രകാശ് ലോക്ക്‌ഡൗണ്‍ കാലത്ത് നിര്‍മിച്ചത്.
ചിരട്ടയില്‍ വിസ്‌മയം തീര്‍ത്ത് ജയപ്രകാശ് - ചിരട്ടകള്‍
കൊവിഡ് കാലത്ത് കരകൗശല വസ്‌തുക്കള്‍ നിര്‍മിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി ഓട്ടോറിക്ഷ ഡ്രൈവറായ ജയപ്രകാശ്.
![ചിരട്ടയില്‍ വിസ്‌മയം തീര്‍ത്ത് ജയപ്രകാശ് ചിരട്ടയില്‍ വിസ്‌മയം തീര്‍ത്ത് ജയപ്രകാശ് ഓട്ടോറിക്ഷ തൊഴിലാളി പാലക്കാട് ചിരട്ടകള്‍ craft making using coconut shells](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8461187-thumbnail-3x2-palakkad.jpg)
ലോക്ക്‌ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഓട്ടോറിക്ഷ നിരത്തിലിറങ്ങി തുടങ്ങിയെങ്കിലും കാര്യമായ വരുമാനമില്ല. പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കാതെ സ്വന്തം കഴിവില്‍ വിശ്വസിച്ച് ജീവിക്കാനാണ് ജയപ്രകാശിനിഷ്ടം. മക്കളാണ് തന്നെ ഈ മേഖലയിലേക്ക് തിരിച്ചതെന്ന് ജയപ്രകാശ് പറഞ്ഞു. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലോക്ക്‌ഡൗണ്‍ കാലത്തെ മടുപ്പകറ്റാന്‍ ചിരട്ടയില്‍ ശില്‍പങ്ങള്‍ നിര്‍മിച്ച് തുടങ്ങിയത്. പിന്നീടതിന് ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് ഇതൊരു ഉപജീവന മാര്‍ഗമാക്കാമെന്ന തോന്നലുണ്ടായത്. അത് വിജയിച്ചുവെന്നും ജയപ്രകാശ് പറഞ്ഞു. ചെറു പ്രായത്തില്‍ കരകൗശല വസ്‌തുകള്‍ ഉണ്ടാക്കുമായിരുന്നു. എന്നാല്‍ വലിയ തോതില്‍ ചെയ്‌തിരുന്നില്ല. ഇനി ശില്‍പ നിര്‍മാണം തുടരാനാണ് തീരുമാനമെന്നും ജയപ്രകാശ് പറയുന്നു.