പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജിൽ കൊവിഡ് ഒപി പ്രവർത്തനമാരംഭിച്ചു. ജില്ലാ ആശുപത്രിയിലെ ഒപിയാണ് പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഗവൺമെന്‍റ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. രാവിലെ എട്ട് മണിമുതൽ പകൽ രണ്ടു വരെയും രണ്ട് മണി മുതൽ രാത്രി എട്ടു വരെയുമുള്ള രണ്ട് ഷിഫ്റ്റുകൾ ആയി 12 മണിക്കൂറാണ് ഒപി പ്രവർത്തിക്കുക.
പാലക്കാട് മെഡിക്കൽ കോളജിൽ കൊവിഡ് ഒപി ആരംഭിച്ചു
പാലക്കാട് മെഡിക്കൽ കോളജിലെ പ്രധാന ബ്ലോക്കിലുള്ള രണ്ട് മുറിയിലാണ് കൊവിഡ് ഒപി വിഭാഗം പ്രവർത്തിക്കുന്നത്.
പ്രധാന ബ്ലോക്കിലെ രണ്ട് മുറിയിലാണ് ഒപി വിഭാഗത്തിന്‍റെ പ്രവർത്തനം. കൊവിഡ് ലക്ഷണം ഉള്ളവരുടെ പരിശോധനയും സ്രവം എടുക്കലും മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് ഏതുതരം നിരീക്ഷണം വേണമെന്ന് നിർദേശിക്കുന്നതും ഇവിടെ നിന്നാണ്. മെഡിക്കൽ കോളജിനെ കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിന്‍റെ ആദ്യ ഘട്ടമാണ് ഒപി മാറ്റം. പുതിയ ശുചിമുറികളുടെ നിർമാണം പൂർത്തിയാക്കി ഈയാഴ്‌ച തന്നെ കൊവിഡ് ബാധിതരുടെ കിടത്തി ചികിത്സയും ആരംഭിക്കും. മെയിൻ ബ്ലോക്കിലെ പരീക്ഷാഹാളിൽ നൂറ് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം തയ്യാറായിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പ് 30 ലക്ഷം രൂപയാണ് കൊവിഡ് ലാബ് സജ്ജീകരിക്കാൻ മെഡിക്കൽ കോളജിന് അനുവദിച്ചത്. മെഡിക്കൽ കോളജ് കൊവിഡ് ചികിത്സാ കേന്ദ്രമാകുന്നതോടെ ജില്ലാ ആശുപത്രിയിലെ മുഴുവൻ കൊവിഡ് രോഗികളെയും ഇവിടേക്ക് മാറ്റും.