പാലക്കാട്: പട്ടാമ്പി നഗരസഭയിലെ പതിനഞ്ചാം ഡിവിഷനിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമിച്ച 20 വീടുകളുടെ സമർപ്പണത്തെ ചൊല്ലി വിവാദം . കൗൺസിൽ തീരുമാനമില്ലാതെ പദ്ധതി കേന്ദ്രമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാൽ ഇത് ഔദ്യോഗിക പരിപാടിയല്ല, വീടുകളുടെ ഗൃഹ പ്രവേശന ചടങ്ങിനാണ് കേന്ദ്രമന്ത്രി എത്തുന്നതെന്നാണ് നഗരസഭ കൗൺസിലറുടെ പക്ഷം.
പട്ടാമ്പി നഗരസഭയിൽ വീടുകളുടെ സമർപ്പണത്തെച്ചൊല്ലി തർക്കം - പാലക്കാട്
കൗൺസിൽ തീരുമാനമില്ലാതെ പദ്ധതി കേന്ദ്രമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതാണ് വിവാദത്തിന് ഇടയാക്കിയത്.
നാളെ രാവിലെയാണ് കേന്ദ്ര സഹമന്ത്രി വി. മുരളിധരൻ വീടുകളുടെ ഗൃഹപ്രവേശനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ പോകുന്നത്. ബി.ജെ.പി കൗൺസിലറായ വിനിത ഗിരീഷിന്‍റെ വാർഡിലെ 20 വീടുകളാണ് കൗൺസിലിൽ തീരുമാനമില്ലാതെ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിട്ടുള്ളത്. ലക്ഷം വീട് കോളനികൾ ഒറ്റവീടുകളാക്കി മാറ്റുന്ന നഗരസഭയുടെ അധീനതയിലുള്ള പദ്ധതിയാണിതെന്നും, ഇതിന്‍റെ ഉദ്ഘാടനം തീരുമാനിക്കുന്നതിനുള്ള അധികാരം നഗരസഭ കൗൺസിലിനാണെന്നും നഗരസഭ അധ്യക്ഷൻ കെ.എസ്.ബി.എ. തങ്ങൾ പറഞ്ഞു.
പദ്ധതിയുടെ അവസാനഗഡു കൈമാറിയിട്ടില്ല. വീട്ടുനമ്പർ, വൈദ്യുതി കണക്ഷൻ എന്നിവ ലഭിച്ചിട്ടില്ല, പണി പൂർത്തിയതായി കാണിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ചെയർമാൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്‍റെ ഒന്നര ലക്ഷവും, സംസ്ഥാന സർക്കാരിന്‍റെ 50000 രൂപയും, നഗരസഭയുടെ രണ്ട് ലക്ഷം രൂപയും ഉപയോഗിച്ചാണ് വീടുകൾ നിർമിക്കുന്നത്. ഈ വിഷയം നഗരസഭാ കൗൺസിൽ യോഗത്തിലും പ്രതിഷേധത്തിനിടയാക്കി. ഉദ്ഘാടന ചടങ്ങിൽ നിന്നും കേന്ദ്രമന്ത്രി പിൻമാറണമെന്നുമുളള പ്രമേയം കൗൺസിൽ യോഗത്തിൽ പാസാക്കി.