പാലക്കാട്:പ്രതിഷേധങ്ങൾക്കിടയിലും ദേശീയപാതയിലെ പന്നിയങ്കരയിൽ ടോൾ പിരിക്കാൻ നീക്കം. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ ഉടൻ ടോൾ പിരിക്കാനാണ് സാധ്യത. ദേശീയപാതയുടെ പണി 90 ശതമാനം പൂർത്തിയായെന്ന് കാണിച്ച് കരാർ കമ്പനി ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഏജൻസിയായ ഐസിടി പരിശോധിച്ച് ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് നൽകും. തുടർന്ന് അതോറിറ്റിയുടെ തിരുവനന്തപുരം റീജണൽ ഓഫീസർ പരിശോധിച്ച ശേഷം പിസിഒഡി (പ്രൊഫഷണൽ കൊമേഴ്‌ഷ്യൽ ഓപ്പറേഷൻ ഡേറ്റ്) സർട്ടിഫിക്കറ്റ് നൽകും. ഇതിന് ശേഷമേ ടോൾ പിരിക്കാൻ അനുമതി നൽകൂ.
ദേശീയപാത അതോറിറ്റിയുടെ നടപടി ക്രമം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം മതിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതിനാൽ ടോൾ പിരിവ് ഏത് സമയത്തും ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.