കേരളം

kerala

ETV Bharat / state

വന സംരക്ഷണത്തിനൊപ്പം വനഭൂമി ഏറ്റെടുത്ത് നിര്‍മാണം

കര്‍ശന വ്യവസ്ഥകളോടെയാണ് അടിയന്തര നിര്‍മാണങ്ങള്‍ക്ക് വനഭൂമി ഏറ്റെടുക്കുന്നത്. നിര്‍മാണം നടത്തുന്നതിന് സ്റ്റേജ്‌ വണ്‍, സ്റ്റേജ്‌ ടു ക്ലിയറന്‍ ലഭിക്കണം.

വന സംരക്ഷണം  വനഭൂമി ഏറ്റെടുത്ത് നിര്‍മാണം  പാരിസ്ഥിതിക സന്തുലനാവസ്ഥ  പാലക്കാട് വനം  കേന്ദ്ര വനനിയമം  സ്റ്റേജ് വൺ, സ്റ്റേജ് ടു പരിശോധനകള്‍  forest land  palakkad forest land
വന സംരക്ഷണത്തിനൊപ്പം വനഭൂമി ഏറ്റെടുത്ത് നിര്‍മാണം

By

Published : Oct 24, 2020, 4:51 PM IST

Updated : Oct 24, 2020, 11:07 PM IST

പാലക്കാട്‌: നമ്മുടെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ വനങ്ങള്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്‌. അതുകൊണ്ട് തന്നെ വനവും വന്യജീവികളുടെ സംരക്ഷണത്തിനുമായി ശക്തമായ നിയമങ്ങളാണ് രാജ്യത്തുള്ളത്. എന്നാല്‍ റോഡ്‌, വൈദ്യുതീകരണം, ജലസേചനം, പുനരധിവാസം, റെയില്‍വെ, പ്രതിരോധം, ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വനഭൂമി ഏറ്റെടുക്കേണ്ടിയും വരാറുണ്ട്. കര്‍ശന വ്യവസ്ഥകളോടെയാണ് ഇത്തരത്തില്‍ വനഭൂമി ഏറ്റെടുക്കുന്നത്.

വന സംരക്ഷണത്തിനൊപ്പം വനഭൂമി ഏറ്റെടുത്ത് നിര്‍മാണം

കേന്ദ്ര വനനിയമ പ്രകാരം മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങൾക്കായി വനം ഏറ്റെടുക്കുമ്പോൾ ഒരു ഹെക്ടറിൽ താഴെയാണെങ്കിൽ വനംവകുപ്പിന് നഷ്ടപരിഹാരത്തുക നൽകണം. ആ തുക വിവിധ വനവികസന പദ്ധതികൾക്കായി വനം വകുപ്പിന് ഉപയോഗിക്കാം. അതേസമയം ഏറ്റെടുക്കുന്ന വനഭൂമി ഒരു ഹെക്ടറിന് മുകളിലാണെങ്കിൽ അനുയോജ്യമായ മറ്റൊരിടത്ത് വനത്തിനോട് ചേർന്ന് തന്നെ തുല്യമായ സ്ഥലം വനത്തിനായി വിട്ടു നൽകണമെന്നാണ് നിയമം.

വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ നിയമ പ്രകാരം ഒരു ഹെക്ടറിൽ 1000 വൃക്ഷത്തൈകൾ നടാൻ കഴിയുന്ന ഭൂമിയാകണം ഇത്തരത്തിൽ പകരം നൽകാൻ. ഒപ്പം പാരിസ്ഥിതികാഘാതം, മലിനീകരണം ഉൾപ്പെടെയുള്ളവ സംബന്ധിച്ച്‌ സ്റ്റേജ് വൺ, സ്റ്റേജ് ടു എന്നിങ്ങനെ രണ്ട്‌ തരം പരിശോധനകൾ പൂർത്തിയായതിന്‌ ശേഷം മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾക്കായി വനഭൂമി ഏറ്റെടുക്കാന്‍ സാധിക്കുന്നത്. എന്നാൽ സർക്കാർ ഏജൻസികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഏറ്റവും അടിയന്തര പ്രാധാന്യമുള്ള പ്രവർത്തനങ്ങൾക്ക് ഇക്കാര്യത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് നിശ്ചിതകാല പരിധിക്കുള്ളിൽ പകരം ഭൂമി കണ്ടെത്തി നൽകിയാല്‍ മതിയെന്നാണ് ഇളവ്‌.

ഇനി 2014 മുതൽ 2020 വരെ സംസ്ഥാനത്ത് നടന്നിട്ടുള്ള പദ്ധതികളെക്കുറിച്ച് പരിശോധിക്കാം.

264 പദ്ധതികളാണ് വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 142 എണ്ണം ഫയലിൽ സ്വീകരിക്കുകയും അതില്‍ 21 പദ്ധതികൾക്ക് സ്റ്റേജ് വൺ അംഗീകാരം ലഭിക്കുകയും രണ്ടെണ്ണം തള്ളിക്കളയുകയും ചെയ്തു. ബാക്കി 121 അപേക്ഷകളിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റേഷൻ നോഡൽ ഓഫീസർ, സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ പരിശോധന നടക്കുകയാണ്.

സ്റ്റേജ് വൺ അംഗീകാരം ലഭിച്ചിട്ടുള്ള 21 പദ്ധതികളിൽ 11 എണ്ണം വൈദ്യുതീകരണവുമായി ബന്ധപ്പെട്ടും മൂന്നെണ്ണം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുമാണ്. ഇതോടൊപ്പം ഗെയിൽ പൈപ്പ് ലൈൻ, റോഡ് നിർമാണം, കഞ്ചിക്കോട് ഐഐടിയുടെ നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സ്റ്റേജ് വൺ ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.

ആകെയുള്ള 21 പദ്ധതികളിൽ കഞ്ചിക്കോട് ഐഐടിക്ക് മാത്രമാണ് ഒരു ഹെക്ടറിൽ കൂടുതൽ വനഭൂമി ആവശ്യമായി വന്നിട്ടുള്ളത്. 18.1417 ഹെക്ടർ വനമാണ് ഐഐടിയുടെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി പാലക്കാട് ഡിവിഷനിലെ വാളയാർ റേഞ്ചിൽ നിന്നും ഏറ്റെടുത്തിട്ടുള്ളത്. ചട്ടപ്രകാരം തന്നെ ഐഐടി പകരം ഭൂമി വനംവകുപ്പിന് ഏറ്റെടുത്ത്‌ നൽകിയിട്ടുണ്ടെന്നും പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വ്യക്തമാക്കി.

ഐഐടി ഭൂമി ഏറ്റെടുത്ത് കൈമാറിയതിന് ശേഷമേ പദ്ധതിക്ക് സ്റ്റേജ്‌ ടു ക്ലിയറന്‍സ് നല്‍കു. കഴിഞ്ഞ ആറ്‌ വർഷത്തിനിടെ സ്റ്റേജ് ടു ക്ലിയറൻസ് നേടിയിട്ടുള്ളത് നാല്‌ പദ്ധതികള്‍ക്കാണ്. കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കേരള വാട്ടർ അതോറിറ്റി എന്നിവർ സമർപ്പിച്ച പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതുകൂടാതെ ഒമ്പത് പദ്ധതികളുടെ അപേക്ഷകളില്‍ പരിശോധനകൾ നടന്നുവരികയാണ്. സ്റ്റേജ് ടു ക്ലിയറൻസ് നേടിയിട്ടുള്ള പദ്ധതികളെല്ലാം ഒരു ഹെക്ടറിൽ താഴെ വനഭൂമി ആവശ്യമുള്ളവയാണ്. അതിനാൽ പകരം ഭൂമി വനംവകുപ്പിന് നൽകേണ്ടതില്ല.

Last Updated : Oct 24, 2020, 11:07 PM IST

ABOUT THE AUTHOR

...view details