പാലക്കാട്:നാൽപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി നാണ്യ വിളകൾക്ക് കൂടി ജല ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതികൾക്ക് സർക്കാർ തുടക്കമിട്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. പാലക്കാട്ടെ അന്തർ സംസ്ഥാന നദീജല ഹബ്ബ് അനുബന്ധ സൗകര്യങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
നാണ്യവിളകൾക്ക് ജലലഭ്യത ഉറപ്പാക്കാനുള്ള സർക്കാർ പദ്ധതികൾക്ക് തുടക്കം - kerala news
നാണ്യ വിളകൾക്ക് ജലം ലഭ്യമായാൽ കൂടുതൽ വിളവും കർഷകന് വരുമാനവും ലഭിക്കും
നാണ്യ വിളകൾക്ക് ജലം ലഭ്യമായാൽ കൂടുതൽ വിളവും കർഷകന് വരുമാനവും ലഭിക്കും. 3000 ടിഎംസി ജലം കേരളത്തിൽ ഉണ്ട്. ഇതിൽ 1500 ടിഎംസി ജലം ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നിട്ടും അത് പൂർണമായി പ്രയോജനപ്പെടുത്തുന്നില്ല. ഇത് ഉപയോഗിക്കാൻ പുതിയ പദ്ധതികൾ ഉണ്ടാവണം. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ജല ഉപയോഗ സാധ്യതകൾക്കുള്ള പദ്ധതികൾ കണ്ടെത്താനുള്ള അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. കർഷകരും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സഹകരിച്ചു പ്രവർത്തിക്കണം. ജലവിഭവ വകുപ്പ് കർഷകർക്ക് ഉള്ളതാണ്. തമിഴ്‌നാടുമായുള്ള നദീജല പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞു. ഇതിന്‍റെ ഭാഗമാണ് അട്ടപ്പാടിയിൽ ഡാം നിർമിക്കാൻ അനുമതിയായതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ വി.കെ ശ്രീകണ്ഠൻ എം.പി അധ്യക്ഷനായി. വാർഡ് അംഗം കെ.ജയലക്ഷ്മി, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഐഎഎസ്, ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ്, കെഎസ് ഡബ്ല്യൂ ചീഫ് എൻജിനീയർ അലക്‌സ് വർഗീസ്, ഐഡിആർബി ചീഫ് എൻജിനീയർ ഡി.ബിജു, സി.ഡബ്ല്യൂ.സി ചീഫ് എൻജിനീയർ ഗുൽഷൻ രാജ്, ഡി.ആർ.ഐ.പി പ്രോജക്ട് ഡയറക്ടർ പ്രമോദ് നാരായണൻ, ചീഫ് എൻജിനീയർ എം.ശിവദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.