പാലക്കാട്: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് വല്ലപ്പുഴ സ്വദേശിയടക്കം അഞ്ചു പേര്‍ മരിച്ചു. കെട്ടിട നിര്‍മാണ കോണ്‍ട്രാക്‌ടര്‍ മുഹമ്മദ് ബഷീര്‍ ആണ് മരിച്ച മലയാളി. പട്ടാമ്പിക്കടുത്ത വല്ലപ്പുഴ സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്ന മുഹമ്മദ് ബഷീര്‍. ഇയാളുടെ കൂടെ കാറിലുണ്ടായിരുന്ന ഒരു സ്ത്രീയടക്കമുള്ള നാല് പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്.
കോയമ്പത്തൂരിൽ വാഹനാപകടം: മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു - coimbatotre accident
മരിച്ചവരില്‍ പാലക്കാട് വലപ്പുഴ സ്വദേശി മുഹമ്മദ് ബഷീറും.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിനടുത്ത സൂലൂരില്‍ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാല് പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും മരിച്ചു. കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്‌ടര്‍ ആയ മുഹമ്മദ് ബഷീറിന്‍റെ തൊഴിലാളികളാണ് മരിച്ച മറ്റുള്ളവര്‍. ഇവര്‍ രണ്ടു ദിവസം മുന്‍പാണ് വല്ലപ്പുഴയില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോയത്. കന്യാകുമാരിയില്‍ നിന്ന് വല്ലപ്പുഴയിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. മാലതി മണ്ഡല്‍, ഹീരുലാല്‍ ശികാരി, മിഥുന്‍ പണ്ഡിറ്റ്, ഗൌരങ്ക പണ്ഡിറ്റ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വല്ലപ്പുഴയില്‍ നിന്ന് മുഹമ്മദ് ബഷീറിന്‍റെ ബന്ധുക്കള്‍ കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.