പാലക്കാട്: സംസ്ഥാനത്തെ തെരഞ്ഞെടുക്കുന്ന 50 പട്ടിക വർഗ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നൽകുമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. അട്ടപ്പാടി അഗളി കില കാമ്പസിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ നിന്ന് ഒരു വിദ്യാർഥിയെ വൈമാനിക പരിശീലനം നൽകാൻ തെരഞ്ഞെടുക്കും.
നിലവിൽ തെരഞ്ഞെടുത്ത അഞ്ച് വിദ്യാർഥികളിൽ പട്ടിക വർഗക്കാർ ഇല്ലാത്തതിനാലാണ് ഒരു കുട്ടിക്ക് അവസരം നൽകുന്നത്. രാജീവ് ഗാന്ധി സിവിൽ ഏവിയേഷൻ അക്കാദമിയിലാണ് പരിശീലനം. പിന്നാക്ക ആദിവാസി മേഖലയിലെ വിദ്യാർഥികളെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുകയാണ് സർക്കാർ നയം.
പിന്നാക്ക സമൂഹങ്ങൾക്ക് മറ്റുള്ളവർക്കൊപ്പം ഉയർന്ന് വരാനുള്ള ഏകമാർഗം വിദ്യാഭ്യാസമാണ്. പൊതുവിദ്യാഭ്യാസം മെച്ചപ്പെട്ടതോടെ എംആർഎസ് സ്കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നു. രക്ഷിതാക്കൾ വീടിനടുത്ത സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്.