പാലക്കാട്: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിച്ച പൊതുമേഖല സ്ഥാപനങ്ങളോട് ബിജെപി സർക്കാരിന് അയിത്തമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് എ കെ ബാലൻ. ബെമൽ വിൽപ്പനക്കെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന്‍റെ 700-ാം ദിവസത്തെ സമരവും രാഷ്ട്രപതിക്ക് അയക്കുന്ന ഒരു ലക്ഷം ദയാഹർജിയുടെ ഉദ്‌ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്‍റെ കാലഘട്ടത്തിൽ ആരംഭിച്ച പൊതുമേഖല സ്ഥാപനങ്ങളുടെ പേര് കേൾക്കുമ്പോൾ മോദി സർക്കാരിന് ഗ്രഹണി പിടിക്കുന്നുവെന്ന് എകെ ബാലന്‍ പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളോട് ബിജെപിക്ക് അയിത്തം; പേര് കേള്‍ക്കുമ്പോള്‍ മോദി സര്‍ക്കാരിന് ഗ്രഹണി പിടിക്കുന്നു: എ കെ ബാലന്‍ - സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ്
ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ കാലഘട്ടത്ത് ആരംഭിച്ചതടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പേര് കേള്‍ക്കുന്നത് ബിജെപി സര്‍ക്കാറിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് എ കെ ബാലൻ
2008ല്‍ ലോകത്തുണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളെ സംരക്ഷിച്ചത് പൊതുമേഖല സ്ഥാപനങ്ങളാണ്. ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്നത് അജണ്ടയില്‍ പോലുമില്ലെന്ന് കേന്ദ്ര ധനമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞത് കോര്‍പറേറ്റുകളെ സഹായിക്കുന്ന സര്‍ക്കാറിന്‍റെ നയങ്ങള്‍ക്ക് തെളിവാണ്. ബെമലിൽ തൊഴിലാളികൾ നടത്തുന്ന ഐതിഹാസിക സമരം ഇന്ത്യയിലെ തൊഴിലാളി വർഗത്തിനാകെ മാതൃകയാണെന്നും എ കെ ബാലൻ പറഞ്ഞു.
കമ്പനിക്ക് മുന്നിൽ നടന്ന പൊതുയോഗത്തിൽ സിഐടിയു ജില്ല പ്രസിഡന്‍റ് പികെ ശശി അധ്യക്ഷനായി. ജില്ല സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റിയംഗം എസ്ബി രാജു, ഐഎൻടിയുസി ജില്ല പ്രസിഡന്‍റ് മനോജ് ചിങ്ങന്നൂർ, എഐടിയുസി ജില്ല സെക്രട്ടറി എൻ ജി മുരളീധരൻ നായർ തുടങ്ങിയവര്‍ സംസാരിച്ചു.