പാലക്കാട്:മണ്ണാര്‍ക്കാട് കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ നിലപാട് കടുപ്പിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ലിയുസി). ഓരോ കുട്ടിയും ഓരോ വ്യക്തിയാണെന്ന തിരിച്ചറിവ് പ്രദേശത്തെ നാട്ടുകാരില്‍ ചിലര്‍ക്ക് ഇല്ലെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിഡബ്ലിയുസി പാലക്കാട് ജില്ല ചെയര്‍മാന്‍ എം വി മോഹനന്‍ പറഞ്ഞു.
കുട്ടികള്‍ ഏത് പ്രായത്തില്‍ ഉള്ളവരായാലും അവര്‍ക്ക് അവരുടേതായ വ്യക്തിത്വവും സ്വാതന്ത്ര്യവും, അവകാശങ്ങളുമുണ്ട്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികളെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഇങ്ങനെ ഉണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കെതിരായ ഇത്തരം പീഡനങ്ങള്‍ ചെറുക്കുന്നതിനായി ബോധവത്‌കരണം അടക്കമുള്ള പരിപാടികള്‍ സിഡബ്ലിയുസി നടത്തുമെന്നും എം വി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് സ്‌കൂള്‍ വിട്ടശേഷം ബസ് കാത്ത് നിന്ന കുട്ടികളെ നാട്ടുകാരായ ചിലര്‍ മര്‍ദിക്കുകയായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സദാചാര പൊലീസിങ്ങിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇരകളായ കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എല്ലാ നിയമ സഹായവും ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ല ലീഗല്‍ സര്‍വീസ് സൊസൈറ്റി (ഡിഎല്‍എസ്‌എ)യും അറിയിച്ചു.
നിലവില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏതെങ്കിലുമുള്ള വീഴ്‌ച പൊലീസിനുണ്ടായാല്‍ സിഡബ്ലിയുസി ഇടപെടുമെന്നും മോഹനന്‍ പറഞ്ഞു. ഇരകളായ കുട്ടികള്‍ക്ക് പൊലീസിന്‍റെ സുരക്ഷ ഒരുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സിഡബ്ലിയുസി ചെയ്യുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് രക്ഷിതാക്കളുടെ കയ്യില്‍ നിന്നും രേഖാമൂലമുള്ള പരാതി ലഭിച്ചില്ലെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും അതിന് സമ്മതിക്കില്ല. പ്രതികളായ എല്ലാവരേയും നിയമത്തിന്‍റെ മുന്നില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്(22.07.2022) വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോൾ മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ വച്ച് പെൺകുട്ടികൾ ഉൾപ്പെടെയുള്ള കുട്ടികളെ ഒരു കൂട്ടം ആളുകള്‍ അപമാനിക്കുകയും മർദിക്കുകയും ചെയ്‌തത്. ഈ സമയം ഞങ്ങളുടെ പ്രിൻസിപ്പൽ ഇൻചാർജും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് കുട്ടികളുടെ മൊഴി.
പെട്ടെന്ന് ഒരാൾ വന്ന് ഞങ്ങളുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചു. ഞങ്ങൾ ചോദ്യം ചെയ്‌തപ്പോൾ മറ്റ് നാട്ടുകാരും ചേർന്ന് ഞങ്ങളെ മർദിക്കാൻ തുടങ്ങി. ഇത് ആദ്യത്തെ സംഭവമല്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് കണ്ടാല്‍ നാട്ടുകാർ എപ്പോഴും പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്‍സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌എഫ്‌ഐ) കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് മാർച്ച് നടത്തി. ഇരയായ കുട്ടിക്ക് നെഞ്ചിലും ശരീരത്തിലും വേദനയുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടികളെ മർദിച്ച ശേഷം അക്രമികൾ അവരോട് ബസിൽ കയറ്റി സ്ഥലം വിടാൻ ആവശ്യപ്പെട്ടുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ഇരിപ്പിടം മുറിച്ചത് സദാചാരവാദികളെന്ന് സിഇടി വിദ്യാര്‍ഥികള്‍ ; ഇരിപ്പല്ല കിടപ്പാണെന്ന് അധിക്ഷേപവുമായി റസിഡന്‍സ് അസോസിയേഷന്‍