പാലക്കാട്: സംസ്ഥാനത്തെ പ്രധാനപെട്ട ആദിവാസി മേഖലയെന്നതിനെക്കാളുപരി ശിശുമരണങ്ങളുടെ പേരിലാണ് അട്ടപ്പാടിയെന്ന പ്രദേശം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്‌ക്കുന്നതിന് കോടികളുടെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. അട്ടപ്പാടിയിലെ 192 ഊരുകളിലും പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് കമ്മ്യൂണിറ്റി കിച്ചണ്‍, ആശ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഊരുകള്‍ തോറും ബോധവല്‍ക്കരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പദ്ധതികള്‍ വന്നതോടെ അടിസ്ഥാന വികസനം നടന്നെങ്കിലും ശിശുമരണങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഇനിയുമായിട്ടില്ല.
അട്ടപ്പാടിയില്‍ പദ്ധതികള്‍ക്ക് പഞ്ഞമില്ല; കോടികളുടെ പദ്ധതികള്‍ നടപ്പാക്കിയിട്ടും ശിശുമരണം തുടര്‍ക്കഥ - tribal development at attappadi
സ്‌കാനിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ റേഡിയോളജിസ്റ്റ് തസ്‌തിക ഇതുവരെ സൃഷ്‌ടിക്കപ്പെട്ടിട്ടില്ല

2013ലാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നത്. 33 നവജാത ശിശുക്കളാണ് 2013ല്‍ മാത്രം അട്ടപ്പാടിയില്‍ മരിച്ചതെന്നാണ് കണക്ക്. 2020ല്‍ 10 നവജാത ശിശുക്കളാണ് മരിച്ചത്. ഈ വര്‍ഷം തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ ഒരു നവജാത ശിശു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ പരിശോധിക്കുന്നതിന് ആവശ്യമായ സ്‌കാനിങ് യന്ത്രമില്ലാത്തത് ശിശുമരണങ്ങള്‍ക്ക് ഒരു കാരണമാണെന്ന് കണ്ടെത്തിയതോടെ കോട്ടത്തറ ഗവണ്‍മെന്‍റ് ട്രൈബല്‍ ആശുപത്രിയില്‍ കളര്‍ ഡ്രോപ്പര്‍ സംവിധാനമുള്ള സ്‌കാനിങ് യന്ത്രം ലഭ്യമാക്കി. എന്നാല്‍ യന്ത്രം വന്നെങ്കിലും അത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റേഡിയോളജിസ്റ്റ് തസ്‌തിക ഇതുവരെ സൃഷ്‌ടിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
അട്ടപ്പാടിയില്‍ കളര്‍ ഡ്രോപ്പര്‍ സ്‌കാനിങ് മെഷീനുള്ള ഏക ആശുപത്രിയാണ് കോട്ടത്തറ ആശുപത്രി. ഇതോടെ നിറവയറുമായി ഗര്‍ഭിണികള്‍ക്ക് ചുരമിറങ്ങേണ്ട ഗതികേടാണ്. റേഡിയോളജിസ്റ്റ് കൂടിയായ അസിസ്റ്റന്‍റ് സര്‍ജന്‍റെ സേവനം ഇടക്കാലത്ത് പ്രയോജനപ്പെടുത്തിയെങ്കിലും ജനുവരി 19 മുതല്‍ ഇദ്ദേഹം അവധിയില്‍ പ്രവേശിച്ചതിനാല്‍ വീണ്ടും കാര്യങ്ങള്‍ പഴയപടിയായി. രണ്ട് ആഴ്‌ച കൂടുമ്പോള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുള്ള റേഡിയോളജിസ്റ്റിന്‍റെ സേവനമാണ് പിന്നീടുള്ള ആശ്വാസം. ഇതിനായി സര്‍ക്കാര്‍ വലിയൊരു തുകയും മുടക്കുന്നുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളിൽ ഗർഭിണികളെയും കൊണ്ട് പന്ത്രണ്ടോളം കൊടും വളവുകളുള്ള ചുരമിറങ്ങി തിരികെ വരുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കും. ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും സ്ഥിരമായി റേഡിയോളജിസ്റ്റിനെ നിയമിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കൃത്യ സമയത്ത് പരിപാലനം കിട്ടിയില്ലെങ്കില്‍ അട്ടപ്പാടിയില്‍ ശിശുമരണം വീണ്ടും തുടര്‍ക്കഥയാകുമെന്നത് തീര്‍ച്ചയാണ്.