പാലക്കാട് :നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി സിമന്‍റ്, കമ്പി വില കുതിച്ചുയരുന്നു. രണ്ടാഴ്‌ചയ്‌ക്കിടെ കമ്പിവിലയിൽ 9.80 രൂപയുടെയും സിമന്‍റ് വിലയിൽ 30 രൂപയുടെയും വർധനയുണ്ടായി. കമ്പിവില കിലോയ്‌ക്ക് 61.20 ൽ നിന്ന് 71 രൂപയായി ഉയർന്നു.
കമ്പിയ്ക്ക് മൂന്ന് മാസം മുന്‍പ് 59.60 രൂപയായിരുന്നു വില. സിമന്‍റ് വില 370 ൽ നിന്ന് 400 രൂപയായി. 25 ചാക്ക് ഒരുമിച്ച് എടുക്കുന്നവർക്ക് മാത്രമാണ് ഈ വില. ചില്ലറയ്ക്ക് വാങ്ങണമെങ്കിൽ നിർമാണം നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നതിന് 470 രൂപ വേണം. കൊവിഡിന് ശേഷം പതുക്കെ മെച്ചപ്പെട്ടുവന്ന നിർമാണ മേഖലയ്‌ക്ക് വൻ തിരിച്ചടി നൽകുന്നതാണ് വില വർധന.
സാധാരണക്കാർക്ക് തിരിച്ചടി
കഴിഞ്ഞ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നിർമാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ അഖിലേന്ത്യാ പണിമുടക്ക് നടത്തിയിരുന്നു. തുടർന്ന്, മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് നിരക്ക് കുറച്ചു. സംസ്ഥാനത്ത് നിർമാണ പ്രവൃത്തികൾ കൂടുതലായി നടക്കുന്ന മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ കണക്കിലെടുത്ത് കമ്പനികൾ വില വർധിപ്പിക്കുകയാണ്.
ALSO READ:രാജ്യത്ത് കൊവിഡ് കേസുകളിൽ ആശ്വാസം; 24 മണിക്കൂറിനിടെ 3,116 പേർക്ക് രോഗബാധ
ഇന്ധനവില വർധനയും വിതരണക്കാർക്ക് നൽകിയിരുന്ന ബിൽ ഡിസ്‌ക്കൗണ്ട് സംവിധാനം കഴിഞ്ഞ വർഷം അടച്ചിടൽ കാലത്ത് കമ്പനികൾ അവസാനിപ്പിച്ചതുമാക്കെ ചൂണ്ടിക്കാട്ടിയാണ് വില വർധന. ബാങ്ക് വായ്‌പയെടുത്തും കടം വാങ്ങിയുമൊക്കെ വീടുനിർമിക്കുന്ന വിഭാഗങ്ങളുടെ കണക്കുകൂട്ടലുകൾ താളം തെറ്റുകയാണ്. സ്വന്തമായി വീട് എന്ന സാധാരണക്കാരന്‍റെ സ്വപ്‌നത്തെയും വൻകിട പദ്ധതികളെയും ഒരുപോലെ ഇരുട്ടിലാക്കിയാണ് വിലക്കയറ്റം. സർക്കാരിന്‍റെ ലൈഫ് ഭവന പദ്ധതിയുടെ പുരോഗതിക്കുപോലും തിരിച്ചടിയാണ് വില വർധന.