പാലക്കാട്: കൊവിഡും ലോക്ക് ഡൗണും മൂലം ഏറ്റവുമധികം പ്രതിസന്ധിയിലായവരാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലുള്ളവർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ച രണ്ട് മാസത്തോളം ബസുകൾ നിർത്തിയിടേണ്ടി വന്നുവെന്ന് മാത്രമല്ല ഇപ്പോൾ സർക്കാർ അനുമതി ലഭിച്ചപ്പോഴാകട്ടെ യാത്രക്കാരില്ലാത്തതിനാൽ സർവീസ് പുനരാരംഭിക്കാൻ സാധിക്കുന്നുമില്ല. ഈ പ്രതിസന്ധിഘട്ടത്തിൽ തളർന്നിരിക്കാതെ അതിജീവനത്തിനായി തങ്ങളുടെ ബസിൽ പച്ചക്കറി കച്ചവടം ആരംഭിച്ചിരിക്കുകയാണ് പാലക്കാട് 'ഇതിഹാസ' ബസിന്‍റെ ഉടമയും ജീവനക്കാരും.
അതിജീവനത്തിന്‍റെ പുതുമാതൃക; പച്ചക്കറി കച്ചവടവുമായി സ്വകാര്യബസ് ജീവനക്കാര്‍ - private bus turned vegitable shop
എല്ലാത്തരം പച്ചക്കറികളും കൂടാതെ വെളിച്ചെണ്ണ മുതൽ പപ്പടം വരെ അടുക്കളയിലേക്ക് ആവശ്യമായ ഏതാണ്ടെല്ലാ വസ്‌തുക്കളും ബസിൽ വിൽപനയ്ക്കുണ്ട്
![അതിജീവനത്തിന്‍റെ പുതുമാതൃക; പച്ചക്കറി കച്ചവടവുമായി സ്വകാര്യബസ് ജീവനക്കാര്‍ palakkad private bus palakkad ithihasa private bus private bus turned vegitable shop പാലക്കാട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7683555-186-7683555-1592562424365.jpg)
ഒലവക്കോട് കോയമ്പത്തൂർ ബൈപ്പാസ് റോഡരികിലാണ് ഇവരുടെ പുതിയ പരീക്ഷണം. എല്ലാത്തരം പച്ചക്കറികളും കൂടാതെ വെളിച്ചെണ്ണ മുതൽ പപ്പടം വരെ അടുക്കളയിലേക്ക് ആവശ്യമായ ഏതാണ്ടെല്ലാ വസ്‌തുക്കളും ബസിൽ വിൽപനയ്ക്കുണ്ട്. കൂടുതലായും പാലക്കാട് തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് ഇവർ വിൽക്കുന്നത്. കർഷകരെ സഹായിക്കുക എന്ന ലക്ഷ്യം കൂടി മുൻ നിർത്തി മുതലമടയിലെ മാമ്പഴങ്ങൾ വിൽപനയ്ക്ക് വെച്ചാണ് കഴിഞ്ഞമാസം ബസിലെ കച്ചവടം ആരംഭിക്കുന്നത്.
മാങ്ങയുടെ സീസൺ അവസാനിച്ചതോടെയാണ് പച്ചക്കറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. വരുമാനം നിലച്ച ജീവനക്കാർക്ക് സാമ്പത്തിക സഹായം എന്ന നിലയിലാണ് ബസുടമ ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്. ആളുകൾ നേരിട്ട് ബസിൽ എത്തുന്നതോടൊപ്പം ഓൺലൈനായും ഇവർക്ക് വിൽപന ഉണ്ട്. ആവശ്യക്കാർ ഓർഡർ ചെയ്യുന്നതിനനുസരിച്ച് ഇവർ പച്ചക്കറികൾ വീടുകളിൽ എത്തിച്ചു നൽകും. എന്തായാലും പ്രതിസന്ധികളിൽ ഘട്ടങ്ങളിൽ തളരാതെ പുതിയ വഴികൾ തേടുന്നവർക്ക് ഒരു മാതൃകയാണ് ഈ ബസിലെ പച്ചക്കറി കട.