പാലക്കാട്:അട്ടപ്പാടിയില്‍ രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി കുട്ടിയുടെ ബന്ധുക്കള്‍. ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
കുട്ടിക്ക് കിടത്തി ചികിത്സ നൽകിയില്ലെന്നും മതിയായ ചികിത്സ നൽകാതെ തിരിച്ചയക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പുതൂർ പഞ്ചായത്തിലെ മേലേ അബ്ബണ്ണൂർ കമ്പളക്കാട്ടിൽ ആദിവാസി ഊരിലെ ഷൈജു-സരസ്വതി ദമ്പതികളുടെ മകൻ സ്വാദിഷ് ആണ് മരിച്ചത്.
ജനുവരി 27ന് കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ചികിത്സ നൽകി ഊരിലേക്ക് തന്നെ കുട്ടിയെ തിരിച്ചയക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി വീണ്ടും പനിയും ശ്വാസതടസവും ഉണ്ടായി അവശനായപ്പോൾ കുട്ടിയെ കൂക്കംപാളയം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്‌ച പുലർച്ചെയോടെയാണ് രോഗം ഗുരുതരാവസ്ഥയിലായ കുഞ്ഞ് മരിക്കുന്നത്. തുടർന്ന് നടത്തിയ ആന്‍റിജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് അട്ടപ്പാടിയിൽ കൊവിഡ് ബാധിച്ച് കുഞ്ഞ് മരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
Also Read: തെലങ്കാനയിൽ കാർ കുടിലിലേക്ക് ഇടിച്ചുകയറി; നാല് സ്‌ത്രീകൾക്ക് ദാരുണാന്ത്യം