പാലക്കാട് :ജില്ലയിലെ കൊലപാതകങ്ങളുടെ സാഹചര്യത്തിൽ നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ. പാർട്ടിയുടെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ശബ്‌ദസന്ദേശമായാണ് അണ്ണാമലൈ ഇക്കാര്യം നിർദേശിച്ചത്.
ടെലിവിഷനിൽ വരുന്ന വാര്‍ത്തകൾ ശരിയാണെങ്കിൽ കേരളത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ മൂന്നുമാസത്തിനകം നിരോധിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ അതിന് തമിഴ്‌നാട്ടിലും തിരിച്ചടിയുണ്ടാകുമെന്നുമാണ് മുൻ ഐപിഎസ് ഓഫിസർ കൂടിയായ അണ്ണാമലൈ മുന്നറിയിപ്പ് നൽകിയത്.
ALSO READ:സുബൈറിന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് പൊലീസ്
ഹിന്ദുത്വ ആശയങ്ങൾ പറയുന്ന നേതാക്കളെ ലക്ഷ്യമിട്ടേക്കാം. അതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കഴിവതും ഒഴിവാക്കണമെന്നും അണ്ണാമലൈ നിർദേശിച്ചു. പാലക്കാടിനോട് ചേർന്ന കോയമ്പത്തൂരിലാണ് തമിഴ്‌നാട്ടിൽ ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ളത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ നേതാക്കൻമാർക്കും പ്രവർത്തകർക്കുമായാണ് പ്രധാനമായും ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞയാഴ്‌ച രാമനവമി സമയത്ത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണക്കാരായി ആരോപിക്കപ്പെട്ടതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) കേന്ദ്ര സർക്കാർ ഉടൻ നിരോധിക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം.