പാലക്കാട് : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് (Swapna Suresh) ബി.ജെ.പി അനുകൂല സന്നദ്ധ സംഘടനയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നൽകിയത് ന്യായീകരിക്കാനാകാതെ ബി.ജെ.പി നേതൃത്വം. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായവും കോർപ്പറേറ്റുകളുടെ സംഭാവനയും വാങ്ങി പ്രവർത്തിക്കുന്ന ഹൈറേഞ്ച് ഡവലപ്‌മെന്‍റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്) യിലാണ് മാസം 43,000 രൂപ ശമ്പളത്തിൽ സ്വപ്‌നയെ ഡയറക്ടറായി നിയമിച്ചത്.
യോഗ്യതയില്ലാത്ത സ്വപ്‌നയെ സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്‌പേസ് പാർക്കിൽ ഓപ്പറേഷണല്‍ മാനേജരായി നിയമിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ പദവി വഹിക്കുന്ന സ്വപ്‌നയെ വഴിവിട്ടാണ് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് എന്ന ഏജൻസി സ്‌പേസ് പാർക്കിൽ നിയമിച്ചതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മറ്റ് നേതാക്കളും മാസങ്ങളോളം പ്രചാരണം നടത്തിയത്.
Also Read: 'വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ': എച്ച്.ആർ.ഡി.എസ് നിയമന വിവാദത്തിൽ പ്രതികരണവുമായി സ്വപ്‌ന സുരേഷ്
യു.എ.ഇ, കേരളം എന്നിവിടങ്ങളിലെ നിരവധി സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനത്തിരുന്ന അവർക്ക് സ്ഥാപനത്തിൽ മികച്ച സംഭാവനകള്‍ നൽകാൻ കഴിയുമെന്നാണ് എച്ച്.ആർ.ഡി.എസിന്റെ വെബ്‌സൈറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ സ്വപ്‌നയെകുറിച്ച് ഉന്നയിച്ച എല്ലാ ആരോപണങ്ങളും ബിജെപിയെ തിരിഞ്ഞുകുത്തുകയാണ്.