കേരളം

kerala

ETV Bharat / state

അക്രമികളെ ഒറ്റപ്പെടുത്താന്‍ സര്‍വകക്ഷിയോഗ തീരുമാനം ; ബിജെപി ഇറങ്ങിപ്പോയി - അക്രമികളെ ഒറ്റപ്പെടുത്താന്‍ യോഗതീരുമാനം

ജില്ല ഭരണകൂടം - പൊലീസ് - വിവിധ രാഷ്ട്രീയ പാർട്ടികള്‍ എന്നിവയുടെ നേതൃത്വത്തിൽ ക്രമസമാധാന ശ്രമം തുടരുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി

BJP boycotts all-party meeting palakkad  സര്‍വ കക്ഷിയോഗം ബഹിഷ്കരിച്ച് ബി.ജെ.പി  അക്രമികളെ ഒറ്റപ്പെടുത്താന്‍ യോഗതീരുമാനം  പാലക്കാട്ടെ രഷ്ട്രീയ കൊലപാതകം
സര്‍വ കക്ഷിയോഗം ബഹിഷ്കരിച്ച് ബി.ജെ.പി; അക്രമികളെ ഒറ്റപ്പെടുത്താന്‍ യോഗതീരുമാനം

By

Published : Apr 18, 2022, 8:23 PM IST

പാലക്കാട് :ജില്ലയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി പി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിളിച്ച സര്‍വകക്ഷിയോഗത്തിലും കല്ലുകടി. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നതായി ആരോപിച്ച്, കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവകക്ഷി യോഗത്തിൽ നിന്നും ബി.ജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണ കുമാര്‍, സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ്, ജില്ല സെക്രട്ടറി എം ഹരിദാസ് എന്നിവരാണ് ഇടയ്ക്കുവച്ച് യോഗം വിട്ടത്. ഇറങ്ങിപ്പോകാന്‍ തയ്യാറായി വന്നവരോട് ഒന്നും പറയാനില്ലെന്നായിരുന്നു സംഭവത്തില്‍ മന്ത്രിയുടെ പ്രതികരണം.

സര്‍വകക്ഷിയോഗ തീരുമാനം :സംഘർഷം സാമുദായികമല്ലെന്നും സംഘടനാ തലത്തിലുള്ളതാണെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന സർവകക്ഷി യോഗം വിലയിരുത്തി. ഇത്തരത്തിൽ അക്രമം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താനും യോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ തീരുമാനമായി. രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടം -പൊലീസ് -വിവിധ രാഷ്ട്രീയ പാർട്ടികള്‍ എന്നിവയുടെ നേതൃത്വത്തിൽ സമാധാന ശ്രമം തുടരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

സര്‍വ കക്ഷിയോഗം ബഹിഷ്കരിച്ച് ബി.ജെ.പി; അക്രമികളെ ഒറ്റപ്പെടുത്താന്‍ യോഗതീരുമാനം

ജനപ്രതിനിധികൾ പ്രാദേശിക തലത്തിലുള്ള വിവരങ്ങൾ പൊലീസിന് കൈമാറാൻ സന്നദ്ധരാവണം. പൊലീസ് കൃത്യമായ ധാരണയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ എം.പിമാരായ വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ ബാബു, പി.പി സുമോദ്, കെ.പ്രേംകുമാർ, കെ.ശാന്തകുമാരി പി.മമ്മിക്കുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോൾ, കലക്ടർ മൃൺമയി ജോഷി, ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ്, സബ് കലക്ടർ ഡി ധർമ്മലശ്രീ, എ.ഡി.എം കെ .മണികണ്ഠൻ, ഡെപ്യൂട്ടി കലക്ടർ എൽ.എ എൻ.കെ കൃപ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സംഘടനാപ്രതിനിധികളുടെ യോഗം ഈ ആഴ്ച :ജില്ല കലക്ടർ ജില്ല പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ഈ ആഴ്ച്ച എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, ആർ.എസ്.എസ്, ബി.ജെ.പി പ്രതിനിധികളുടെ യോഗം ചേരുമെന്ന് ജില്ല കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ല ഭരണകൂടത്തിന്റെയും പൊലീസിന്‍റേയും ഭാഗത്തുനിന്ന് വേർതിരിവ് കാണിക്കാതെയുള്ള നടപടി ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു.

സമാധാനം നിലനിർത്താൻ ശക്തമായ നടപടി : കുറ്റകൃത്യത്തിൽ ഭാഗമായവര്‍ക്കും ഗൂഢാലോചന നടത്തിയവർക്കും എതിരെ ശക്തമായ അന്വേഷണം ഉണ്ടാവും. ക്രൈംബ്രാഞ്ച്, നാർക്കോട്ടിക് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നും പട്രോളിങ് വാഹന പരിശോധന എന്നിവയും നടപ്പാക്കുന്നുണ്ട്.

ജില്ലയിൽ 120 ഓളം പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നതായും ജില്ല പൊലീസ് മേധാവി അറിയിച്ചു. കൊലപാതകം സാമുദായികമല്ലെന്നും ജില്ലയിൽ നടന്ന സംഭവം പൊലീസ് ജാഗ്രതയോടെയാണ് നേരിടുന്നതെന്നും രണ്ട് കേസുകൾ സംബന്ധിച്ചും കൃത്യമായ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

അക്രമ സംഭവങ്ങളിൽ മുഖം നോക്കാതെയുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രങ്ങൾ മനസിലാക്കി കർശന നടപടി എടുക്കണമെന്നും സർവ കക്ഷിയോഗത്തിൽ എം.പി വി.കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. നവ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നത് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പിൽ എം.എൽ. എ അഭിപ്രായപ്പെട്ടു.

Also Read: പാലക്കാട്ടെ ഇരട്ടക്കൊലപാതകം: കൃത്യം ചെയ്‌തത് പരിശീലനം കിട്ടിയ സംഘമെന്ന് പൊലീസ്‌

കൊല്ലാനും കൊല്ലിക്കാനുമുള്ള കേന്ദ്രങ്ങൾ മനസിലാക്കി അത് തടയേണ്ടതുണ്ടെന്ന് കെ ബാബു എം.എൽ.എ പറഞ്ഞു. അനിഷ്ടസംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് സി.പി.എം. ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളോട് അനുഭാവപൂർണമായ നയം സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ പ്രതിനിധി അറിയിച്ചു.

ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുമെന്നും കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ലെന്നും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സർവകക്ഷി യോഗത്തിൽ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details