പാലക്കാട്:കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച നടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍. കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ് (30), കൂടല്ലൂര്‍ സ്വദേശി ചോടത്ത് കുഴിയിൽ അബ്‌ദുള്‍ അസീസ് (31), മാറഞ്ചേരി സ്വദേശി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ (40), വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക് (27), ചാവക്കാട് മുതുവട്ടൂര്‍ സ്വദേശി കുരിക്കലകത്ത് അൽതാഫ് ബക്കർ (32) എന്നിവരാണ് കാപ്പുമുഖത്ത് വച്ച് പിടിയിലായത്. നവംബര്‍ 26ന് വിദേശത്ത് നിന്ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലെത്തി നാട്ടിലേക്ക് വരുന്ന വഴി കാസര്‍കോട് സ്വദേശികളുടെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോ സ്വര്‍ണം കവര്‍ച്ച നടത്താനാണ് സംഘം എത്തിയത്. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.
കള്ളക്കടത്ത് സ്വര്‍ണം തട്ടാന്‍ ശ്രമിച്ച സംഭവം: പെരിന്തല്‍മണ്ണയില്‍ അഞ്ചുപേര്‍ പിടിയില്‍ - perinthalmanna attempt to loot smuggled gold case
വിദേശത്ത് നിന്ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലെത്തിയ കാസര്‍കോട് സ്വദേശികളുടെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് പെരിന്തല്‍മണ്ണയില്‍ അഞ്ചുപേര്‍ പിടിയിലായത്
പിന്തുടര്‍ന്നത് രണ്ട് കാറുകളിലായി:പ്രദേശവാസികള്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കടത്തിക്കൊണ്ടുവന്ന ഒരുകിലോ സ്വര്‍ണവും പിടികൂടി. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് മുഖ്യ സൂത്രധാരനായ മുഹമ്മദ് റഷാദിനെക്കുറിച്ച് വിവരം ലഭിച്ചത്. കാസര്‍കോട് സ്വദേശികൾ ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തി കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് വഴി വരുന്ന വിവരം ഇയാൾക്ക് നേരത്തേ കിട്ടിയിരുന്നു. അത് കവര്‍ച്ച നടത്തുന്നതിനായാണ് അബ്‌ദുള്‍ അസീസ്, ബഷീര്‍ എന്നിവര്‍ വഴി സാദിഖിനെയും ചാവക്കാട് സ്വദേശി അല്‍ത്താഫിനെയും ഏല്‍പ്പിക്കുന്നത്.
രണ്ട് കാറുകളിലായെത്തിയ സംഘം കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് മുതല്‍ കാറിനെ പിന്തുടര്‍ന്നു. കാപ്പുമുഖത്ത് വച്ച് കവര്‍ച്ച നടത്താൻ ശ്രമിച്ചു. ശ്രമം നടക്കാതായതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് എയർപോർട്ട് വഴി സ്വർണം കൊണ്ടുവന്ന കാസർകോട് സ്വദേശി വസീമുദീൻ (32), താമരശേരി കരിമ്പനക്കൽ മുഹമ്മദ് സാലി (49) എന്നിവരെ നാലുദിവസം മുന്‍പ് അറസ്റ്റ് ചെയ്യുകയും ഒരു കിലോ സ്വർണം പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കേസ് തുടരന്വേഷിക്കുമെന്നും സിഐ സി അലവി അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എസ്ഐ യാസിര്‍ ആലിക്കൽ, എഎസ്ഐ എംഎസ് രാജേഷ്, കെ സക്കീര്‍ ഹുസൈന്‍, മുഹമ്മദ് ഷജീര്‍, ഉല്ലാസ്, രാകേഷ്, മിഥുന്‍, ഷഫീഖ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.