പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 14 പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം തെളിഞ്ഞതായി കോടതി. ഇവർക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി ഹുസൈൻ മേച്ചേരിയിൽ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരമാണ് ശിക്ഷ. രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്‌ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, പട്ടികവർഗ്ഗക്കാര്‍ക്കുനേരെയുള്ള അതിക്രമം, പരിക്കേൽപ്പിക്കൽ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്. പൂർത്തിയാക്കിയ കേസിൽ വിധി പറയാനായി മൂന്ന് തവണ നീട്ടിയ ശേഷമാണ് ഇന്ന് വിധി പറയാനായി പരിഗണിച്ചത്.
വിധി വരുന്ന സാഹചര്യത്തിൽ കനത്ത പൊലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. മധുവിന്‍റെ അമ്മയ്ക്കും സഹോദരിക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്‍റെയും മല്ലിയുടെയും മകൻ മധു എന്ന 30കാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.