പാലക്കാട്:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിൽ മജിസ്‌ട്രേറ്റിനെ വിസ്‌തരിക്കണമെന്ന ഹർജി ഇന്ന് പരിഗണിയ്‌ക്കും. സംഭവസമയത്തുണ്ടായിരുന്ന പ്രത്യേക ജില്ല കോടതിയിലെ മജിസ്ട്രേറ്റ് എൻ രമേശനെ വിസ്‌തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത്. ഉച്ചയ്‌ക്ക് 2.30നാണ് ആവശ്യം കോടതി പരിഗണിക്കുക.
അട്ടപ്പാടി മധുകേസ്: മജിസ്‌ട്രേറ്റിനെ വിസ്‌തരിക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും - palakkad todays news
മജിസ്‌ട്രേറ്റിനെ വിസ്‌തരിക്കണമെന്ന ഹർജി പാലക്കാട് പ്രത്യേക കോടതി ഇന്ന് ഉച്ചയ്‌ക്ക് 2.30നാണ് പരിഗണിക്കുക
മധു കൊല്ലപ്പെട്ട സമയത്ത് സർക്കാർ നിർദേശ പ്രകാരം മജിസ്‌റ്റീരിയൽ അന്വേഷണം നടത്തിയത് രമേശനായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിസ്‌തരിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടിയത്. ഈ ഹർജി പ്രത്യേക കോടതി ജഡ്‌ജി കെഎം രതീഷ്‌കുമാറാണ് പരിഗണിക്കുക. ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 25) വിസ്‌തരിച്ച രണ്ട് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
117-ാം സാക്ഷി അഗളി പൊലീസ് ഇൻസ്പെക്‌ടര്‍ എൻഎസ് സലീഷ്, 75-ാം സാക്ഷി വോഡഫോൺ നോഡൽ ഓഫിസർ സൂര്യ എന്നിവരെയാണ് വിസ്‌തരിച്ചത്. 2018ലെ ഐഡിയ സെല്ലുലാർ ഫോൺ നോഡൽ ഓഫിസർ ആയിരുന്ന പി രാജ്‌കുമാറിന് പകരമാണ് നിലവിലെ നോഡൽ ഓഫിസർ സൂര്യയെ വിസ്‌തരിച്ചത്. ബുധനാഴ്‌ച 116-ാം സാക്ഷി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഡോക്യുമെന്‍റ്സ് അസിസ്‌റ്റന്‍റ് ഡയറക്‌ടർ പി ഷാജിയെ വിസ്‌തരിക്കുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. കേസിലെ 11 പ്രതികളും ജാമ്യത്തിലിറങ്ങിയവരാണ്. വിചാരണ കോടതിയായ ജില്ല സ്പെഷ്യൽ എസ്‌സി, എസ്‌ടി കോടതിയാണ് ഉപാധികളോടെ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.