പാലക്കാട്:അട്ടപ്പാടിയിലെ ആദിവാസി പൊലീസുകാരൻ കുമാറിന്‍റെ മരണത്തിന് കാരണം ജാതീയമായ അധിക്ഷേപമാണെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണ സംഘം ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. കുമാർ ജോലി ചെയ്തിരുന്ന കല്ലേക്കാട് എ ആർ ക്യാമ്പിലെത്തിയും സംഘം വിവരങ്ങൾ ശേഖരിക്കും.
പൊലീസുകാരന്‍റെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചു - സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി
കുമാറിന്‍റെ മരണത്തിന് കാരണം പൊലീസ് ക്യാമ്പിലെ മാനസിക പീഡനം തന്നെയാണെന്ന് ഭാര്യ സജിനി അന്വേഷണ സംലത്തോടും ആവർത്തിച്ചു
മൂന്ന് ദിവസം മുൻപാണ് കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ സഹപ്രവർത്തകരുടെ മാനസിക പീഡനവും അധിക്ഷേപവും മൂലമാണ് കുമാർ മരിച്ചതെന്നാണ് ഭാര്യ സജിനി പറഞ്ഞിരുന്നു. തുടർന്ന് തൃശൂർ റേഞ്ച് ഡിഐജി പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് ഇവരുടെ മൊഴി രേഖപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം വൈകിട്ടോടെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും അട്ടപ്പാടിയിലെ കുന്നൻ ചാള ഊരിലെത്തി കുമാറിന്റെ ഭാര്യയുടെയും സഹോദരന്‍റെയും വിശദമായ മൊഴി രേഖപ്പെടുത്തി. കുമാറിന്‍റെ മരണത്തിന് കാരണം പൊലീസ് ക്യാമ്പിലെ മാനസിക പീഡനം തന്നെയാണെന്ന് ഭാര്യ സജിനി അന്വേഷണ സംലത്തോടും ആവർത്തിച്ചു.
മൂന്നു മണിക്കൂറോളം അന്വേഷണ സംഘം കുമാറിന്‍റെ വീട്ടിൽ ചെലവഴിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എആർ ക്യാമ്പിലെ പൊലീസുകാരുടെയും മൊഴിയെടുത്ത ശേഷം ഉടൻതന്നെ റിപ്പോർട്ട് ഡിഐജിക്ക് നൽകുമെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സുന്ദരൻ പറഞ്ഞു. കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമെന്നുമാണെന്നും ആദിവാസി ആക്ഷൻ കൗൺസിൽ പറഞ്ഞു.