പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലെ രാണ്ടാം പ്രതി പിടിയില്‍. മുക്കാലി സ്വദേശി ഷിഫാൻ (24) ആണ് മുക്കാലിക്കടുത്ത് ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന വള്ളിയമ്മാൾ ഗുരുകുലം പാരമ്പര്യ ചികിത്സ കേന്ദ്രത്തിൽ നിന്ന് പിടിക്കപ്പെട്ടത്. അഗളി ഡിവൈഎസ്‌പി എൻ. മുരളീധരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഷിഫാന്‍ പിടിയിലായത്.
ചികിത്സ കേന്ദ്രത്തിൽ നടത്തിയ പരിശോധനയില്‍ 36 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കോടതിയിൽ മധു കൊലപാതക കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ മധുവിന്‍റെ അമ്മ മല്ലിയെ കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അബ്ബാസ് (70), ഷിഫാൻ എന്നിവർക്ക് എതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. ഷിഫാൻ ചികിത്സ കേന്ദ്രത്തിലുള്ളതായി അഗളി ഡിവൈഎസ്‌പിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചികിത്സ കേന്ദ്രത്തിൽ തെരച്ചിൽ നടത്തുന്നതിനായി പൊലീസ് മണ്ണാർക്കാട് പ്രത്യേക എസ്‌സി എസ്‌ടി കോടതിയിൽ നിന്നും സെർച്ച് വാറണ്ടും വാങ്ങിയിരുന്നു. കൂട്ടുപ്രതിയായ അബ്ബാസിനെ ഇതുവരെ കണ്ടെത്താനായില്ല. ഇതിനിടെ വനാവകാശ പ്രകാരം സർക്കാർ, മധുവിന്‍റെ അമ്മ മല്ലിയടക്കമുള്ളവർക്ക് നൽകിയ പട്ടയങ്ങൾ, വള്ളിയമ്മാൾ ഗുരുകുല ചികിത്സ കേന്ദ്രത്തിന്‍റെ ഉടമ പണയമെന്ന വ്യാജേന കൈവശപ്പെടുത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.