പാലക്കാട്:പ്രകൃതി സംരക്ഷണത്തിന് വേണ്ടി അവസാന ശ്വാസം വരെ നിലകൊണ്ട സുഗതകുമാരി ടീച്ചറുടെ ഓർമകൾ തളംകെട്ടി നിൽക്കുന്ന ഒരു പ്രദേശമാണ് അട്ടപ്പാടി. രാജ്യത്തിന്‍റെ അടയാളമായി മാറിയ സൈലന്‍റ് വാലി ദേശീയോദ്യാനവും കഠിനപ്രയത്നം കൊണ്ട് സൃഷ്‌ടിച്ചെടുത്ത കൃഷ്‌ണവനവും സുഗതകുമാരി ടീച്ചറുടെ ഓർമകളാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിക്കുശേഷം ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ സമ്മർദം മൂലമാണ് 1975ൽ സൈലന്‍റ് വാലിയിലെ കുന്തിപ്പുഴക്ക് കുറുകെ അണക്കെട്ട് നിർമിച്ചു കൊണ്ട് വൈദ്യുതി ഉർപാദിപ്പിക്കാനുള്ള പാത്രക്കടവ് ജലവൈദ്യുത പദ്ധതിക്ക് പ്ലാനിങ് കമ്മീഷൻ സംസ്ഥാന സർക്കാരിന് അനുമതി നൽകുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം പരിസ്ഥിതി ശാസ്‌ത്രജ്ഞനായ സഫർ ഫത്തേഹല്ലി പശ്ചിമഘട്ടത്തിൽ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിൽ സൈലന്‍റ് വാലി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ചതോടെ ഇത് സംരക്ഷിക്കണമെന്നും പാത്രക്കടവ് പദ്ധതി ഉപേക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി സമരക്കാർ രംഗത്തെത്തിയത്. എം.കെ പ്രസാദ്, പ്രഫ. ജോൺസി ജേക്കബ്, ഡോ. സതീഷ് ചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സൈലന്‍റ് വാലി സംരക്ഷണ സമിതി പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ സുഗതകുമാരി, അയ്യപ്പ പണിക്കർ, ഒ എൻ വി, വിഷ്‌ണുനാരായണൻ നമ്പൂതിരി എന്നിങ്ങനെ സാഹിത്യ രംഗത്തുള്ളവരും സൈലന്‍റ് വാലിക്ക് വേണ്ടി സമര മുഖത്തെത്തി. പദ്ധതി അനുകൂലികൾ ഇവരെ 'മരക്കവികൾ' എന്ന് വിളിച്ച് പരിഹസിക്കാൻ തുടങ്ങി. എന്നാൽ ഈ വിശേഷണം അംഗീകാരമായി മാത്രമേ തങ്ങൾ കാണുന്നുള്ളൂവെന്ന് ഇവർ പിന്നീട് പ്രതികരിച്ചു. സൈലന്‍റ് വാലി വിഷയത്തെക്കുറിച്ച സമഗ്രമായി പഠിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഒരു സമിതിയെ നിയോഗിച്ചു.
അവർ നൽകിയ റിപ്പോർട്ടും സൈലന്‍റ് വാലി സംരക്ഷിക്കണമെന്ന ആവശ്യം ശരിവെക്കുന്നതായിരുന്നു. ഇതോടെ 1984ൽ പാത്രക്കടവ് പദ്ധതി ഉപേക്ഷിക്കാനും സൈലന്‍റ് വാലി ദേശീയോദ്യാനമായി സംരക്ഷിക്കാനും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിച്ചു. 1980ൽ തന്നെ സൈലന്‍റ് വാലി ദേശീയോദ്യാനമാണെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും 1984ൽ ഇറങ്ങിയ പുതിയ ഉത്തരവുപ്രകാരം സൈലന്‍റ് വാലി ദേശീയോദ്യാനത്തിന്‍റെ അതിർത്തിക്കുള്ളിൽ നിർദിഷ്‌ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. 1985 സെപ്റ്റംബർ ഏഴിനാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്‍റ് വാലി ദേശീയോദ്യാനം രാഷ്‌ട്രത്തിന് സമർപ്പിക്കുന്നത്.