പാലക്കാട്:പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് യുവാവിന്‍റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകൾ. കാണാതായി രണ്ടുമാസം തികയുമ്പോഴാണ് ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖിന്‍റെ (24) മൃതദേഹം ലഭിച്ചത്. 2021 ഡിസംബർ 17നാണ് ആഷിഖിനെ അവസാനമായി ബന്ധുക്കൾ കാണുന്നത്.
ആഷിഖ് നാടുവിട്ടതാണെന്നാണ് കുടുംബം വിചാരിച്ചത്. നാടുവിട്ടതാകുമെന്ന് കരുതി ബന്ധുക്കല്‍ പൊലീസിൽ പരാതി നൽകിയിരുന്നില്ല. അതിനിടയിലാണ് കൊലപാതക വിവരം അറിയുന്നത്. ആഷിഖും മുഹമ്മദ് ഫിറോസും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു. ഇവർ നിരവധി കേസുകളിൽ പ്രതികളുമാണ്.
2015ൽ നടന്ന മോഷണക്കേസിൽ പട്ടാമ്പി പൊലീസ് പിടികൂടിയ പാലപ്പുറം പാറക്കൽ മുഹമ്മദ് ഫിറോസ് (25) ആണ് ബാല്യകാല സുഹൃത്തായ ആഷിഖിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിനോട് പറഞ്ഞത്. തിങ്കളാഴ്‌ച (14.02.22) ഓങ്ങല്ലൂരിൽ നിന്നാണ് ഫിറോസ് പിടിയിലാകുന്നത്. തുടർന്ന് കൂട്ടുപ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ആഷിഖിനെ കൊന്നു കുഴിച്ചുമൂടിയെന്ന് ഫിറോസ് മൊഴി നല്‍കിയത്.