പാലക്കാട്: ഒറ്റപ്പാലം കൂനത്തറ സ്വദേശി അംബുജാക്ഷിയമ്മയ്ക്ക് ഷൊർണൂരിൽ നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലൂടെ ലഭിച്ചത് സന്തോഷത്തിലേറെ പ്രതീക്ഷകളാണ്. സഹായിക്കാൻ ആരുമില്ലാതെ സാമൂഹിക സുരക്ഷ പെൻഷൻ കൊണ്ട് മാത്രം ജീവിക്കുന്ന 76 കാരിയായ അംബുജാക്ഷിയ്മ്മക്ക് റേഷൻ കാർഡ് ഇല്ലാത്തത് കൊണ്ട് തന്നെ യാതൊരു സഹായവും ഇതുവരെ കിട്ടിയിരുന്നില്ല. കൊവിഡ് കാലത്ത് ഭക്ഷ്യധാന്യ കിറ്റ് പോലും ലഭിക്കാതെ ഏറെ ബുദ്ധിമുട്ടി ജീവിക്കുകയായിരുന്നു. താമസിക്കുന്ന കുടുംബ വീട്ടിൽ നിന്നും ബന്ധുക്കൾ ഇറക്കിവിടുമെന്നായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അംബുജാക്ഷിയമ്മ.
അംബുജാക്ഷിയമ്മയ്ക്ക് താങ്ങായി 'സാന്ത്വന സ്‌പർശം' - അംബുജാക്ഷിയമ്മ
മന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ട് അംബുജാക്ഷിയമ്മയ്ക്ക് റേഷൻകാർഡ് അനുവദിച്ചു.
അയൽവാസിയുടെ സഹായത്തോടെയാണ് അദാലത്തിൽ നേരിട്ട് പരാതിയുമായി അംബുജാക്ഷിയമ്മ എത്തുന്നത്. ആധാറോ ഫോട്ടോയോ മറ്റൊരു വിവരങ്ങളോ ഇല്ലാതെ നേരിട്ട് അപേക്ഷയുമായി മാത്രം അദാലത്തിൽ എത്തിയ അംബുജാക്ഷിയമ്മയെ കണ്ട മന്ത്രി വി.എസ്. സുനിൽകുമാർ നേരിട്ടിടപെടുകയായിരുന്നു. അദാലത്തിൽ വെച്ചുതന്നെ ഫോട്ടോ എടുപ്പിച്ച്, ആധാർ പരിശോധന നടത്തി ആശ്രയ കാർഡ് അരമണിക്കൂറിനകം നൽകി. മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത ആരോഗ്യപ്രശ്നങ്ങളുള്ള അംബുജാക്ഷിയമ്മയ്ക്ക് റേഷൻ കാർഡ് ലഭിച്ചത് ഏറെ ആശ്വസമായിരിക്കുകയാണ്. ആരും ഇറക്കി വിടാതെ താമസിക്കാവുന്ന ഒരു വീടാണ് അംബുജാക്ഷിയമ്മയുടെ ഇനിയുള്ള ആഗ്രഹം. അതിനായി മന്ത്രിയ്ക്ക് അപേക്ഷയും നൽകിയിട്ടുണ്ട്.