കേരളം

kerala

ETV Bharat / state

പാലക്കാട് ജില്ലയില്‍ അഞ്ച് വര്‍ഷക്കാലയളവില്‍ നടന്നത് 270.84 കോടിയുടെ കാര്‍ഷിക വികസനം - agricultural development

പാലക്കാട് ജില്ലയില്‍ അഞ്ച് വര്‍ഷക്കാലയളവില്‍ നടന്ന കാര്‍ഷിക വികസനത്തെക്കുറിച്ചുള്ള റിപ്പോർട്ട്.

പാലക്കാട്  കൃഷി വകുപ്പ്  കാര്‍ഷിക വികസനം  agricultural development  Palakkad district
പാലക്കാട് ജില്ലയില്‍ അഞ്ച് വര്‍ഷക്കാലയളവില്‍ നടന്നത് 270.84 കോടിയുടെ കാര്‍ഷിക വികസനം

By

Published : Jan 19, 2021, 1:41 PM IST

പാലക്കാട്:ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ കൃഷി വകുപ്പ് മുഖേന നടപ്പായത് 270.84 കോടിയുടെ കാര്‍ഷിക വികസനം. ഇതില്‍ നെല്‍കൃഷി വികസന പദ്ധതിക്കായി 112.50 കോടിയാണ് ചെലവായത്. ഇതുവരെ 16,07450 ലക്ഷം ടണ്‍ നെല്ല് ഉല്‍പാദിപ്പിക്കുക വഴി 92936 കര്‍ഷകര്‍ക്ക് പ്രയോജനകരമായി. നെല്‍കൃഷി വികസന പദ്ധതിയിലൂടെ ഗ്രൂപ്പ് ഫാമിങ് പ്രോത്സാഹിപ്പിച്ച് ഉല്‍പ്പാദന ചെലവ് കുറയ്ക്കുന്നതിനായി ഒരു ഹെക്ടറിന് 5500 രൂപ ധനസഹായം നല്‍കിവരുന്നുണ്ട്. വര്‍ഷം തോറും ഇത്തരത്തില്‍ ഏകദേശം 8,000 ഹെക്ടറില്‍ ഗ്രൂപ്പ് ഫാമിങ് നടപ്പിലാക്കി വരുന്നു. 647.64 ഹെക്ടറില്‍ കരനെല്‍കൃഷി നടപ്പാക്കി വരുന്നു. കൂടാതെ തരിശ് കൃഷി വികസനം, കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വിത്ത് ലഭ്യമാക്കുക, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നല്‍കല്‍ പദ്ധതിയിലൂടെ നടപ്പിലാക്കിയിട്ടുണ്ട്.

270.84 കോടിയുടെ കാര്‍ഷിക വികസനം
കേരഗ്രാമം പദ്ധതിയിലൂടെ 15.47 കോടി രൂപ ചിലവഴിച്ച് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ 7000 ഹെക്ടറില്‍ സമഗ്ര നാളികേര കൃഷി വികസനം നടപ്പാക്കി വരുന്നു. സുഗന്ധ വിള വികസന പദ്ധതി പ്രകാരം 1.36 കോടി രൂപ ചെലവഴിച്ച് 2356 ഹെക്റ്റര്‍ കുരുമുളക് കൃഷി, 310.5 ഹെക്ടര്‍ ഇഞ്ചി കൃഷി, 40 ഹെക്ടര്‍ ജാതി കൃഷി എന്നിവ നടത്തിവരുന്നു.
നെല്‍കൃഷി വികസന പദ്ധതിക്കായി 112.50 കോടി
സമഗ്ര പച്ചക്കറി വികസന പദ്ധതിയിലൂടെ 24.24 കോടി രൂപ വിനിയോഗിച്ച് 5152 ഹെക്ടറില്‍ പച്ചക്കറി കൃഷി വികസനം, 242.58 ഹെക്ടര്‍ പച്ചക്കറി തരിശു കൃഷി വികസനം എന്നിവ നടപ്പിലാക്കി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഇക്കോ ഷോപ്പുകള്‍ ആരംഭിക്കുന്നതിനും ഉള്‍പ്പെടെ 2.01 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.ഇതുകൂടാതെ ജില്ലയില്‍ നാല് സ്പെഷ്യല്‍ ഫാമുകള്‍, അഞ്ച് വിത്ത് ഉൽപാദന കേന്ദ്രങ്ങള്‍ എന്നിവ മുഖേന കര്‍ഷകര്‍ക്ക് ആവശ്യമായ നെല്‍വിത്ത്, മറ്റ് നടീല്‍ വസ്തുക്കള്‍ എന്നിവ ഉല്‍പാദിപ്പിച്ച് വിതരണം നടത്തി. നെല്ലിയാമ്പതി, മലമ്പുഴ, എരുത്തേമ്പതി ഫാമുകളില്‍ സംയോജിത കൃഷി നടപ്പിലാക്കി എക്സോട്ടിക് ഫല വര്‍ഗങ്ങളുടെ തോട്ടങ്ങള്‍ ഉണ്ടാക്കി. നെല്ലിയാമ്പതിയില്‍ 25 ഹെക്ടര്‍ സ്ഥലത്ത് 2016-17 കാലഘട്ടത്തില്‍ ഓറഞ്ച് കൃഷി ആരംഭിച്ചു. ആദ്യ പരീക്ഷണ വിളവെടുപ്പില്‍ 517 കിലോഗ്രാം ഓറഞ്ച് ലഭിച്ചു. കൂടാതെ ഗുണ നിയന്ത്രണ ലാബുകളുടെ വികസനം,കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തല്‍, വിള ആരോഗ്യ പരിപാലന പദ്ധതി, മണ്ണ് പരിപോഷണം, കര്‍ഷക പെന്‍ഷന്‍, സൗജന്യ വൈദ്യുതി, പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ വികസനം എന്നിവയ്ക്കും തുക ചെലവഴിച്ചിട്ടുണ്ട്.
* സുഭിക്ഷ കേരളം, മില്ലറ്റ് പദ്ധതികള്‍ ഊര്‍ജിതമായി തുടരുന്നു
കൃഷി-മൃഗ-മത്സ്യ-ക്ഷീരവികസന വകുപ്പുകള്‍ മുഖേന തരിശുനിലങ്ങള്‍ ഉപയോഗ്യമാക്കി ഭക്ഷ്യക്ഷാമം പരിഹരിക്കുക ലക്ഷ്യമിട്ട് 2020 മെയില്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയില്‍ 57946.68 ഹെക്ടറില്‍ കൃഷി നടത്തി വരുന്നുണ്ട്. 51.93 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.അട്ടപ്പാടി മേഖലയില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും തനത് ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി 2017 ല്‍ ആരംഭിച്ച മില്ലറ്റ് പദ്ധതിയിലൂടെ ഇതുവരെ 1963 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിച്ചു. 2017 - 20 വര്‍ഷങ്ങള്‍ കൃഷിവകുപ്പ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ സഹകരണത്തോടെ 71 ഊരുകളില്‍ ആയി 2760 ഭൂമിയിലാണ് മില്ലറ്റ് കൃഷിയിറക്കിയത്.

ABOUT THE AUTHOR

...view details