പാലക്കാട്:പുതുപ്പരിയാരം പ്രതീക്ഷ നഗറില്‍ ഭാര്യയെയും ഭര്‍ത്താവിനെയും വെട്ടിക്കൊലപ്പെടുത്തി. ഓട്ടൂര്‍ക്കാട് മയൂരത്തില്‍ ചന്ദ്രന്‍ (64), ദൈയ്‌വാന (ദേവി, 55) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.
ഇരുവരുടെയും ശരീരത്തില്‍ വെട്ടേറ്റതിന്‍റെ നിരവധി അടയാളങ്ങളുണ്ട്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മകന്‍ സനലിനെ കാണാനില്ല. എറണാകുളത്തുള്ള മകള്‍ സൗമിനി തിങ്കളാഴ്‌ച രാവിലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല.
പലതവണ വിളിച്ചും കിട്ടാതായതോടെ അയല്‍വാസിയെ വിളിച്ചു. അയല്‍വാസിയായ സ്‌ത്രീ വീട്ടില്‍ ചെന്ന് വിളിച്ചിട്ടും കേള്‍ക്കാതായതോടെ അടുത്ത വീട്ടിലെ രാജന്‍ എന്നയാളെ വിളിച്ച് വരുത്തി. തുടർന്ന് ഇരുവരും നടത്തിയ പരിശോധനയിൽ പിന്‍ഭാഗത്തെ വാതില്‍ തുറന്ന് കിടക്കുന്നതായി കാണുകയും അകത്ത് കയറി നോക്കുകയുമായിരുന്നു.
രാജനാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ചന്ദ്രന്‍ കിടപ്പുമുറിയിലെ കിടക്കയിലും ഭാര്യ ഹാളിലുമാണ് കിടന്നിരുന്നത്.