പാലക്കാട് :എസ്‌ഡിപിഐ, ആർഎസ്‌എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഗൂഢാ ലോചന നടത്തിയവരേയും പിടികൂടുമെന്ന് എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ വധിക്കാൻ പ്രതികൾ മാസങ്ങളോളം ഗൂഢാലോചന നടത്തി. ഈ മാസം എട്ടിനും ഒമ്പതിനും കൃത്യം നടത്താനായി ശ്രമിച്ചു.
പൊലീസ് സാന്നിധ്യമുള്ളതിനാൽ ശ്രമം ഉപേക്ഷിച്ചു. സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് സുബൈർ വധമെങ്കിലും കൂടുതൽ പേർ ഇതിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം. സുബൈറിനെ കൊല്ലാനായി മൂന്നിൽ കൂടുതൽ ആളുകൾ എത്തിയിരുന്നെന്ന സാക്ഷി മൊഴികളും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടുണ്ട്. ഇതിൽ വിശദമായ അന്വേഷണം നടക്കും.
പ്രാദേശിക നേതാക്കള്‍ നിരീക്ഷണത്തില്‍ : സുഹൃത്തിനെ കൊന്നതിലുള്ള വൈരാഗ്യത്തിനപ്പുറം കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണ് നടന്നത്. അതിനാൽ ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടാകുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്. എലപ്പുള്ളിയിലെ പ്രാദേശിക ബിജെപി, ആർഎസ്എസ് നേതാക്കളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.