പാലക്കാട്:പനമണ്ണ പള്ളിക്കുന്നിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എസ്‌ഡിപിഐ പ്രവർത്തകനായ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ അഞ്ചാം പ്രതി അനങ്ങനടി പനമണ്ണ തളിയൻതൊടി ആരിഫ് മുഹമ്മദ് (ബാബു 32) ആണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ നാലു പ്രതികളെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്.
2020 മെയ് 31 ന് പനമണ്ണ പള്ളിക്കുന്നിന് സമീപമാണ് കൊലപാതകം നടന്നത്. എസ്‌ഡിപിഐ പ്രവർത്തകരുടെ ആക്രമണത്തിൽ വിനോദ് (32) എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്. കേസിൽ 1,2,4,6 പ്രതികൾ വിചാരണ പൂർത്തിയാക്കി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ശേഷിക്കുന്ന പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.