പാലക്കാട്: പിരായിരി കൊടുന്തരപ്പുള്ളി നവക്കോട് പെട്രോള്‍ പമ്പിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു. നവക്കോട് സ്വദേശി എച്ച് ഹക്കീം (39) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച(05.10.2022) രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പെട്രോള്‍ പമ്പിന് മുന്നിലെ ഷെഡില്‍ നില്‍ക്കുകയായിരുന്ന ഹക്കീമിനെ ഒരു സംഘം ആളുകള്‍ എത്തി വെട്ടുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കുത്തേറ്റ ഹക്കീമിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് പേരടങ്ങുന്ന സംഘമാണ് എത്തിയതെന്നും ഇതില്‍ ഒരാളാണ് വെട്ടിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കത്തിയും കമ്പിയും ഇവരുടെ കൈയ്യിലുണ്ടായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും നോര്‍ത്ത് പൊലീസ് അറിയിച്ചു. കഴുത്തിലും നെഞ്ചിലുമായി മൂന്നിടത്താണ് ഹക്കീമിന് വെട്ടേറ്റിരിക്കുന്നത്.