പാലക്കാട്:കേരളത്തിൽ പ്രസിഡൻഷ്യൽ ഭരണമല്ലെന്ന് ഗവർണർ ഓർക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേരളത്തിലെ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. സർക്കാരിൻ്റെ നല്ല പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുകയാണ്. ഇത് അപകടകരമായ സ്ഥിതിയാണെന്നും വിജയരാഘവൻ പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്ത ജനാധിപത്യ സർക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയായ ബദൽ നയങ്ങളാണ് പിണറായി സർക്കാർ നടപ്പാക്കുന്നത്. കേരളത്തിലെ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് ഗവർണർക്ക് പിന്തുണയാണ് നൽകുന്നത്.
ഗവർണറുടെ ജനാധിപത്യവിരുദ്ധ നിലപാടിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും പിന്തുണയ്ക്കുന്നു. കോൺഗ്രസിൽ നിന്ന് കാലുമാറുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ ശൈലിയാണ് രണ്ട് പേരും സ്വീകരിക്കുന്നത്. കോൺഗ്രസിന് അകത്ത് പൂർണ പിന്തുണ ഇതിന് ലഭിച്ചില്ല എന്നതാണ് ആശ്വാസമെന്നും വിജയരാഘവൻ പറഞ്ഞു.