പാലക്കാട് :അടുത്ത വർഷം മെയ് മാസത്തോടെ സംസ്ഥാനത്തെ 500 വില്ലേജ് ഓഫിസുകൾ സ്‌മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുതൂർ, മണ്ണാർക്കാട് - 2, കോട്ടോപ്പാടം - 1, ശ്രീകൃഷ്ണപുരം - 2, ഷൊർണൂർ - 2, തിരുവേഗപ്പുറ എന്നീ സ്‌മാർട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലകളെ ഇ - ജില്ലകളാക്കി മാറ്റുകയാണ് വകുപ്പിന്‍റെ ലക്ഷ്യം. പാലക്കാട് ജില്ലയെ അടുത്ത രണ്ട് വർഷത്തിനകം സമ്പൂർണ ഇ - ജില്ലയാക്കി മാറ്റും. അടുത്ത നാല് വർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളും ഇ - ജില്ലകളാകും. ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാനുള്ള കേന്ദ്രങ്ങളാണ് വില്ലേജ് ഓഫിസ് മുതൽ മുകളിലേക്കുള്ള ഓരോ കേന്ദ്രങ്ങളും
വില്ലേജ്‌തല ജനകീയ സമിതിയുടെ പ്രവർത്തനം ആരംഭിക്കും :സുതാര്യതയും ഫയൽ നീക്കുന്നതിൽ വേഗതയും ഉറപ്പാക്കുന്നതിന് ഓൺലൈൻ സംവിധാനമാണ് മികച്ചത്. വില്ലേജ്‌തല ജനകീയ സമിതിയുടെ പ്രവർത്തനം സംസ്ഥാനത്തെ 1666 വില്ലേജുകളിലും ആരംഭിക്കും. വില്ലേജ് ഓഫിസർ കൺവീനറായും വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡന്‍റ്, എം.എൽ.എയുടെ പ്രതിനിധി, വനിത പ്രതിനിധി, എസ്.സി, എസ്.ടി വിഭാഗക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ജനകീയ സമിതിയിൽ അംഗങ്ങളാകും.
വില്ലേജിലെ പ്രവർത്തനങ്ങളിൽ ഓഫിസിനെ സഹായിക്കുന്നതിനും ഓഫിസിൽ ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളെ സഹായിക്കുന്നതിനും വേദിയൊരുക്കുകയാണ് ജനകീയ സമിതിയുടെ ലക്ഷ്യം. റവന്യൂ അവാർഡുകളോടൊപ്പം ഏറ്റവും മികച്ച വില്ലേജ് തല സമിതിയുടെ പ്രവർത്തനത്തിനും അടുത്ത വർഷം മുതൽ അവാർഡ് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയില്‍ 300 പട്ടയങ്ങള്‍ : സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന 100 ദിന പരിപാടികളുടെ ഭാഗമായി മെയ് 20നകം അട്ടപ്പാടിയിലെ 300 പട്ടയങ്ങൾ വിതരണം ചെയ്യും. നാലായിരത്തോളം അപേക്ഷകളാണ് അട്ടപ്പാടിയിൽ ലഭിച്ചിട്ടുള്ളത്. ഒരുവർഷത്തിനകം ഇത് തീർപ്പാക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.