മലപ്പുറം: നിലമ്പൂർ നഗരസഭയിൽ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥി പട്ടികയിലുണ്ടാകുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. യൂത്ത് കോൺഗ്രസിന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിന്‍റെ വീട്ടിലെത്തി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റു കൂടിയായ ഷാഫി പറമ്പിൽ എം.എൽ.എ.
കൊവിഡ് കാലത്ത് ഉൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതു സമൂഹത്തിനിടയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തും ജില്ലയിലും സ്ഥാനാർഥി പട്ടികയിൽ യൂത്ത് കോൺഗ്രസിന് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയതിന്‍റെ ലിസ്റ്റും മാധ്യമങ്ങൾക്ക് മുന്നിൽ എം.എൽ.എ എടുത്തുകാട്ടി. യൂത്ത് കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ഉൾപ്പെടെ സ്ഥാനാർഥി പട്ടികയിൽ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ എം.എൽ.എ പ്രതീക്ഷ പ്രകടിപ്പിച്ചു.