പെൺമക്കളെ ആൺസുഹൃത്തിന് കാഴ്‌ചവച്ച കേസ്; യുവതി റിമാൻഡിൽ - pocso case latest news
പരപ്പനങ്ങാടി പുത്തരിക്കലിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ-കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ആൺസുഹൃത്തിന് കാഴ്‌ചവച്ച് പണം വാങ്ങിയ കേസില്‍ യുവതിയെ റിമാൻഡ് ചെയ്‌തു. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് യുവതിയെ 14 ദിവസം റിമാൻഡ് ചെയ്തത്. ഇന്നലെയാണ് മുപ്പത്തിനാലുകാരിയായ യുവതി തിരൂര്‍ ഡിവൈഎസ്‌പി ഓഫീസില്‍ കീഴടങ്ങിയത്. പരപ്പനങ്ങാടി പുത്തരിക്കലിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ-കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി. കണ്ണൂര്‍ വളപട്ടണത്തിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അമ്മയുടെ ആൺസുഹൃത്തായ ഒന്നാം പ്രതിക്ക് കുട്ടികളെ പണത്തിനായി കാഴ്‌ചവച്ചെന്നാണ് പരാതി. പട്ടിക വര്‍ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസുള്ള കുട്ടികളാണ് പരാതിക്കാര്‍. പരാതിയെ തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി. കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചെന്ന മറ്റൊരു കേസും പരപ്പനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.