മലപ്പുറം:നിലമ്പൂർ കോവിലകത്തുമുറി തീക്കടി ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ. രാത്രിസമയത്ത് ആനകൾ കൂട്ടമായി എത്തി മതിൽ തകർത്ത് കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ ചാലിയാർ പുഴ കടന്ന് എത്തിയ കാട്ടാനക്കൂട്ടമാണ് നാശ നഷ്ടങ്ങൾ ഉണ്ടാക്കിയത്.
നിലമ്പൂരിൽ കാട്ടാന ശല്യം രൂക്ഷം - wild elephant
രാത്രിസമയത്ത് ആനകൾ കൂട്ടമായി എത്തി കൃഷിയിടങ്ങൾ നശിപ്പിക്കുന്നു
കോവിലകത്തുമുറി ഭാഗത്ത് താമസിക്കുന്ന സാവിത്രിയമ്മ, രാധാകൃഷ്ണൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ എത്തിയത്. കാട്ടാനകൾ പറമ്പിലെ വാഴകൾ നശിപ്പിച്ച ശേഷം പ്ലാവിൻ ചുവട്ടിലേക്ക് നീങ്ങിയ നേരത്താണ് സാവിത്രിയമ്മ ആനകളെ കണ്ടത്. ഒടുവിൽ വനം ദ്യുത കർമ്മസേന എത്തി റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടി ഉതിർത്തതിന് ശേഷമാണ് ആനകൾ കാട്ടിലേക്ക് മടങ്ങിയത്.
കോവിലകത്തുമുറി തീക്കടി ഭാഗത്ത് കാട്ടാനകൾ സ്ഥിരമായി എത്തുന്നത് ആശങ്ക ഉണ്ടാക്കുന്നതായി വാർഡ് കൗൺസിലർ അരുമ ജയകൃഷ്ണൻ പറഞ്ഞു. രാത്രി കാലങ്ങളിൽ ഇവിടങ്ങളിൽ കാവൽ ഏർപ്പെടുത്താമെന്ന വാഗ്‌ദാനം വനം വകുപ്പ് ഇതുവരെ പാലിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെ കാട്ടാനയുടെ മുന്നിൽപ്പെട്ട പ്രദേശവാസിയായ ശ്രീധരനെന്നയാൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് അരുമ ജയകൃഷ്ണൻ പറഞ്ഞു. കാട്ടാനകൾ ഇനിയും വന്നേക്കാം എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.