മലപ്പുറം: കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി മലപ്പുറം ജില്ലയിലെ മലയോരമേഖലയിലെ ജനങ്ങൾ. കല്ലാമൂല, ചേനപ്പാടി, വേപ്പിൻകുന്ന്, മരുതങ്ങാട് പ്രദേശത്താണ് കാട്ടാന ആക്രമണം രൂക്ഷം. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപക കൃഷി നാശമാണ് വരുത്തിയത്.
കാട്ടാന ശല്യം രൂക്ഷം; മലയോര ജനത ഭീതിയിൽ
കാട്ടാന ആക്രമണത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ എടക്കോട് ഫോറസ്‌റ്റ് സ്‌റ്റേഷൻ ഉപരോധിച്ചു.
ശനിയാഴ്‌ച (12.11.2022) രാത്രി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന മരുതങ്ങാടിലെ അമ്പലക്കുന്നിൽ രാമചന്ദ്രൻ നായർ, കണ്ടത്തിൽ വാസു, വടക്കുംചേരി രാജീവൻ, അമ്പലക്കുന്നിൽ നിർമല, വിജയൻ, വടക്കുംപാടത്ത് മുഹമ്മദ്, വേപ്പിൻകുന്ന് പള്ളിക്ക് സമീപം ഇ പി അബ്‌ദുപ്പ എന്നിവരുടെ റബർ, വാഴ, തെങ്ങ്, കവുങ്ങ് എന്നിവ നശിപ്പിച്ചു. വെള്ളിയാഴ്‌ച രാത്രി വേപ്പിൻകുന്നിലെ എടപ്പറ്റ വാപ്പു, എടവൻകരൻ മുഹമ്മദ്, കൂത്രാടൻ ഹനീഫ, ചേനപ്പാടിയിലെ ഞാറക്കാടൻ സിറാജ്, മണ്ടായി ജലീൽ തുടങ്ങിയവരുടെ കൃഷിയും ഒറ്റയാൻ നശിപ്പിച്ചു.
കഴിഞ്ഞ ദിവസം മമ്പാട് ഓടായിക്കലിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചിരുന്നു. ഇതോടെ കാട്ടാനശല്യത്തിൽ ശാശ്വത നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ എടക്കോട് ഫോറസ്‌റ്റ് സ്‌റ്റേഷൻ ഉപരോധിച്ചു. കാട്ടാന ശല്യം രൂക്ഷമായതോടെ മേഖലയിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്.