മലപ്പുറം: കൈപ്പിനി അമ്പല പൊയിലിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്ന് പുലർച്ചെ വെള്ളാപ്പള്ളിൽ സന്തോഷ് കുമാറിൻ്റെ കൃഷിയിടത്തിലെ 80ലേറെ കുലച്ച നേന്ത്രവാഴകളും, ഒരു വർഷം പ്രായമുള്ള 30 റബർതൈകളുമാണ് നശിപ്പിച്ചത്.
മലപ്പുറം അമ്പല പൊയിലിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു; 45,000 രൂപയുടെ നാശനഷ്‌ടം
ഇന്ന് പുലർച്ചെയോടെയാണ് കാട്ടാന നാശം വിതച്ചത്. ഒരു വർഷം പ്രായമുള്ള 30 റബർതൈകളും 80ലേറെ കുലച്ച നേന്ത്രവാഴകളും കാട്ടാന നശിപ്പിച്ചു.
15 ദിവസം കഴിഞ്ഞാൽ വെട്ടി വിൽക്കാൻ പാകമായ നേന്ത്രവാഴ കുലകളാണ് കാട്ടാന നശിപ്പിച്ചത്. 45,000 രൂപയോളം നഷ്‌ടമാണ് കണക്കാക്കുന്നത്. 60 വർഷത്തിലേറെയായി ജനങ്ങൾ താമസിക്കുന്ന ഇവിടെ കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളുവെന്ന് സന്തോഷ് കുമാർ പറഞ്ഞു.
വള്ളുവശ്ശേരി വനമേഖലയിൽ നിന്നും ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. വെള്ളിയാഴ്‌ച രാത്രി 12നും അഞ്ച് മണിക്കുമിടയിലാകും കാട്ടാന ഇറങ്ങിയതെന്നാണ് സന്തോഷ് കുമാർ പറയുന്നത്. റബർ തൈകൾ, നെൽകൃഷി തെങ്ങ്, കമുക്, നേന്ത്ര വാഴകൾ എന്നിവയാണ് വ്യാപകമായി നശിപ്പിക്കുന്നത്, കാഞ്ഞിരപുഴ വനം സ്റ്റേഷനിലെ വനപാലകർ കൃഷിയിടത്തിലെത്തി കൃഷി നാശം വിലയിരുത്തി.