മലപ്പുറം:മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി യുവാക്കള്‍ പിടിയില്‍. വേങ്ങൂർ സ്വദേശി മുഹമ്മദ് ആഷിഖ് (30), പെരിന്തൽമണ്ണയിൽ ആക്രി കട നടത്തുന്ന കൊല്ലം സ്വദേശി അൻസാർ റഹീം (37) എന്നിവരാണ് പിടിയിലായത്. അഞ്ച് കോടി രൂപ വില പറഞ്ഞ് ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം നടക്കുന്നതായി സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇരുതലമൂരിയുമായി യുവാക്കള്‍ പിടിയില്‍ മുഹമ്മദ് ആഷിഖിനെ മേലാറ്റൂർ പൊലീസ് വെള്ളിയാഴ്‌ച (05.08.2022) അറസ്റ്റ് ചെയ്‌ത് വനം വകുപ്പിന് കൈമാറി. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇരുതലമൂരിയെ കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതി അൻസാർ റഹീമിനെ വേങ്ങൂരില്‍ വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
ഇരുതലമൂരിക്കായി സംസ്ഥാനത്തിനകത്ത് നിന്നും, പുറത്ത് നിന്നും നിരവധി ആളുകള്‍ ഇവരെ സമീപിച്ചിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇരുതലമൂരിയുടെ തുക്കത്തിനനുസരിച്ച് അന്താരാഷ്‌ട്ര മാർക്കറ്റിൽ കോടിക്കണക്കിന് രൂപ വിലയുണ്ട്. അന്ധവിശ്വാസത്തിന്‍റെ പേരിൽ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്‌തുക്കൾ നിർമിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
സർക്കാർ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയുള്ള ജീവികളുടെ ഗണത്തിൽപെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്‌ക്കുന്നതോ വിൽപന നടത്തുന്നതോ നിയമവിരുദ്ധമാണ് ഇത്തരത്തിൽ കോടികൾ തട്ടുന്ന സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കാളികാവ് ഫോറസ്റ്റ് റെയിഞ്ചർ പി.വിനു പറഞ്ഞു. ഒന്നാം പ്രതിയെ വെള്ളിയാഴ്‌ചയും, രണ്ടാം പ്രതിയെ ഇന്നും(06.08.2022) കോടതിയില്‍ ഹാജരാക്കി.