മലപ്പുറം:വെൽഫെയർ ബന്ധത്തെ ചൊല്ലി യുഡിഫിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ നീക്കുപോക്ക് ചർച്ചകൾ തൃപ്‌തികരമെന്ന് വെളിപ്പെടുത്തി വെൽഫെയർ പാർട്ടി. പ്രാദേശിക ധാരണകൾ തെരഞ്ഞെടുപ്പിൽ ഇരുകക്ഷികൾക്കും ഗുണം ചെയ്യുമെന്നും വെൽഫെയർ പാർട്ടി നേതാക്കൾ വ്യക്തമാക്കി. വെൽഫെയർ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ യുഡിഫ് നേതാക്കൾ ഒഴിഞ്ഞുമാറുന്നതിനിടെയാണ് ധാരണ ചർച്ചകൾ പൂർത്തിയാക്കിയെന്ന് വെൽഫെയർ നേതാക്കൾ തന്നെ സ്ഥിരീകരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫുമായുള്ള ചർച്ചകൾ തൃപ്‌തികരമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി - യുഡിഎഫ്
വെൽഫെയർ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ യുഡിഫ് നേതാക്കൾ ഒഴിഞ്ഞുമാറുന്നതിനിടെയാണ് ധാരണ ചർച്ചകൾ പൂർത്തിയാക്കിയെന്ന് വെൽഫെയർ നേതാക്കൾ വ്യക്തമാക്കിയത്
നീക്കുപോക്ക് ചർച്ചകളിൽ സന്തോഷവും തൃപ്‌തിയുമുണ്ടെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്‍റ് നാസർ കീഴുപറമ്പ് പറഞ്ഞു. കഴിഞ്ഞ പാർലമെന്‍റ് തെരെഞ്ഞെടുപ്പിൽ വെൽഫെയർ പിന്തുണയോടെ യുഡിഫ് വലിയ വിജയമാണ് നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം വീണ്ടും ആവർത്തിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. യുഡിഫ് നേതാക്കൾ ചോദ്യങ്ങളിൽ നിന്ന് വഴുതിമാറുമ്പോഴും വെൽഫെയർ ബന്ധം ഇതിനോടകം തന്നെ താഴെ തട്ടിൽ യാഥാർഥ്യമായി കഴിഞ്ഞു. മലപ്പുറത്ത് മാത്രം 28 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും യുഡിഫ് ബാനറിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്.