കേരളം

kerala

ETV Bharat / state

ആദിവാസി സമൂഹത്തിന് വേണ്ടി പോരാളിയായി ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി

നിലമ്പൂര്‍ ചന്തക്കുന്നില്‍ ആദിവാസി അവകാശ സംഗമത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

By

Published : Feb 23, 2021, 12:39 AM IST

Wayanad MP Rahul Gandhi  Rahul Gandhi News  Rahul Gandhi in kerala  Rahul Gandhi in Wayanad  Rahul Gandhi on tribes  വയനാട് എംപി രാഹുല്‍ഗാന്ധി  രാഹുല്‍ഗാന്ധി വാർത്ത  രാഹുല്‍ഗാന്ധി കേരളത്തിൽ  രാഹുല്‍ഗാന്ധി വയനാട്ടിൽ  രാഹുല്‍ഗാന്ധി മലപ്പുറത്ത്  ആദിവാസികളെ കുറിച്ച് രാഹുല്‍ഗാന്ധി  Rahuil Gandhi in Malappuram
ആദിവാസി സമൂഹത്തിന് വേണ്ടി പോരാളിയായി ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി

മലപ്പുറം:ആദിവാസി സമൂഹത്തിന് വീടും ഭൂമിയും ഉറപ്പുവരുത്താന്‍ ഒരു പോരാളിയെപ്പോലെ താന്‍ ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി. പ്രളയം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് വേദനാജനകമാണ്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പും രാഹുല്‍ഗാന്ധി നല്‍കി. നിലമ്പൂര്‍ ചന്തക്കുന്നില്‍ ആദിവാസി അവകാശ സംഗമത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ പൗരാണിക അറിവുകളുടെയും സംസ്‌ക്കാരത്തിന്‍റെയും ഉടമകളാണ് ആദിവാസി സമൂഹം. വനത്തില്‍ ആദിവാസി സമൂഹത്തിന്‍റെ അവകാശം ഉറപ്പു നല്‍കുകയും അവര്‍ക്ക് താമസിക്കാനും കൃഷിക്കും സ്ഥലം ലഭ്യമാക്കുന്നതടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു യുപിഎ സര്‍ക്കാർ കൊണ്ടുവന്ന വനാവകാശ നിയമം. എന്നാല്‍ ഈ നിയമം നടപ്പാക്കുന്നതില്‍ ആദിവാസി സമൂഹത്തിന്‍റെ പങ്കാളിത്തം ഇല്ലാത്തതാണ് വനാവകാശ നിയമം അട്ടിമറിക്കപ്പെടാൻ ഇടയാക്കിയത്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദിവാസി സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പുവരുത്തി വനാവകാശ നിയമം നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു പോരാളിയായി ആദിവാസി സമൂഹത്തിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളിലൊരാളായി താനുണ്ടാകുമെന്നും രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കി. രണ്ടു പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ആദിവാസി സമൂഹത്തിന്‍റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ചര്‍ച്ചചെയ്യാനാണ് വിവിധ ആദിവാസി ഗോത്ര സമൂഹത്തിലുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ആദിവാസി അവകാശ സംഗമം നടത്തിയത്. വീടില്ലാത്തതും മികച്ച വിദ്യാഭ്യാസ സൗകര്യം ലഭിക്കാത്തതും വൈദ്യസഹായം ലഭിക്കാനുള്ള പ്രയാസങ്ങളുമടക്കം നിരവധി പ്രശ്‌നങ്ങളാണ് രാഹുല്‍ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചത്.

59 പേര്‍ മരണപ്പെട്ട കവളപ്പാറ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട കവളപ്പാറ കോളനിയിലെ സുമ, കവളപ്പാറ ദുരന്തം കഴിഞ്ഞ് രണ്ട് വര്‍ഷമാകുമ്പോഴും ജയിലില്‍ കഴിയുന്നപോലെ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നതെന്ന് വിങ്ങിപൊട്ടി. വീടുതരാം സ്ഥലം തരാമെന്നൊക്കെ പറഞ്ഞ് സര്‍ക്കാര്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നു. വാടകക്ക് വീടെടുത്തു പോകണം എന്ന ആഗ്രഹമുണ്ട്. പക്ഷേ പണമില്ലാത്തിനാല്‍ അതിനും കഴിയുന്നില്ല. മഴക്കാലം വരുമ്പോള്‍ ഇനി എന്തു ചെയ്യണം എന്നറിയില്ലെന്നും സുമ കണ്ണീരോടെ പറഞ്ഞപ്പോള്‍ രാഹുല്‍ഗാന്ധി അടുത്ത് വിളിച്ച് ആശ്വസിപ്പിച്ചു. ചാലിയാറിന്‍റെ തീരത്ത് മുണ്ടേരി ഉള്‍വനത്തിലെ വാണിയംപുഴ കോളനിയില്‍ നിന്നെത്തിയ സുധ പ്രളയത്തില്‍ വീടും ഭൂമിയും നഷ്‌ടമായി കാട്ടിൽ ഷെഡ് വലിച്ചുകെട്ടി കഴിയുന്ന ദുരിതമാണ് വിവരിച്ചത്. പാലം ഒലിച്ച് പോയതിനാല്‍ ചങ്ങാടത്തിലൂടെ വേണം വാണിയംപുഴ, ഇരുട്ടുകുത്തി, തണ്ടംകല്ല്, കുമ്പളപ്പാറ എന്നീ നാല് കോളനികളിൽ എത്താന്‍. കാട്ടാനശല്യം കാരണം രാത്രി മരത്തിനുമുകളിലുള്ള ഏറുമാടത്തിലാണ് കഴിയുന്നതെന്നും കണ്ണീരോടെ സുധ പറഞ്ഞു. ചോലനായ്ക്കരില്‍ നിന്നും പിഎച്ച്ഡിക്ക് പഠിക്കുന്ന വിനോദ് ആദിവാസി കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ആവശ്യമാണ് പങ്കുവെച്ചത്.

ഓരോ ആദിവാസി വിഭാഗക്കാരുടെയും പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും അവരോട് അപ്പപ്പോള്‍ തന്നെ വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌ത രാഹുല്‍ഗാന്ധി പ്രസംഗത്തിന് ശേഷം സുരക്ഷാ വിലക്ക് പോലും അവഗണിച്ച് സ്‌റ്റേജില്‍ നിന്നും അവര്‍ക്കിടയിലേക്ക് ചാടിയിറങ്ങി സംസാരിച്ചു. ചടങ്ങില്‍ ആദിവാസി മൂപ്പന്‍ പാലന്‍ ആധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി അബ്‌ധുല്‍വഹാബ് എംപി, എ.പി അനില്‍കുമാര്‍ എംഎല്‍എ, സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, വി.വി പ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്‌മയില്‍ മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.

ABOUT THE AUTHOR

...view details