മലപ്പുറം : പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏറെയുള്ള ജില്ലകളിലൊന്നാണ് മലപ്പുറം. അത്തരത്തിൽ സഞ്ചാരികൾക്ക് വിരുന്നൊരുക്കി കാത്തിരിക്കുകയാണ് ഊർങ്ങാട്ടിരി പഞ്ചായത്തിലെ വെള്ളച്ചാട്ടങ്ങൾ.
കാലവർഷമടുക്കുമ്പോൾ അതിമനോഹരമായ കാഴ്ചകളാണ് കൂരങ്കല്ല്, തോണിപ്പാറ, കൊടുമ്പുഴ എന്നീ വെള്ളച്ചാട്ടങ്ങൾ സന്ദര്‍ശകര്‍ക്ക് നൽകുന്നത്. പശ്ചിമ ഘട്ട മലനിരകളിലാണ് ഇവയുടെ ഉത്ഭവം. വനം വകുപ്പിന്‍റെ അധീനതയിലുള്ള ഈ വെള്ളച്ചാട്ടങ്ങൾ കാണാൻ അധികൃതരുടെ കണ്ണുവെട്ടിച്ച് നിരവധി സഞ്ചാരികൾ എത്താറുമുണ്ട്.
പളുങ്കുമണികൾ വിതറും വിധം കൊടുമ്പുഴ വെള്ളച്ചാട്ടം
70 മീറ്ററോളം ഉയരത്തിൽ നിന്ന് പളുങ്കുമണികൾ വിതറും വിധമാണ് കൊടുമ്പുഴ വെള്ളച്ചാട്ടം. പ്രധാനറോഡിൽ നിന്നും ഏറെ അകലെ കൊടുമ്പുഴ ആദിവാസി കോളനിക്ക് അടുത്തുള്ള വന പ്രദേശത്താണ് ഈ വെള്ളച്ചാട്ടം. ദൃശ്യ ഭംഗി ആവോളം ആസ്വദിക്കണമെങ്കിൽ വൻമരങ്ങളടക്കം ഹരിത ഭംഗി നിറഞ്ഞ മേഖല താണ്ടി മുകളിലെത്തണം.
ഏതാണ്ട് 80മീറ്റർ ഉയരത്തിൽ നിന്നും തട്ടുതട്ടുകളായുള്ള പാറകളെ തലോടി പാൽ പുഴ പോലെ താഴോട്ട് ഒഴുകുകയാണ് തോണിപ്പാറ വെള്ളിച്ചാട്ടം. മുകൾ ഭാഗത്ത് തോണിയുടെ ആകൃതിയിൽ വെള്ളം ഒഴുകുന്നതുകൊണ്ടാണ് തോണിപ്പാറയെന്ന പേര് ലഭിച്ചത്.