ഫൈസാനെ കാണാൻ സാനു എത്തി
വി പി സാനുവിനെ കാണണമെന്ന് പറഞ്ഞു കരഞ്ഞ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സാനു കുഞ്ഞിനെ കാണാൻ നേരിട്ടെത്തി
മലപ്പുറം: വി പി സാനുവിനെ കാണണം എന്ന് വാശി പിടിച്ചു കരയുന്ന കൊച്ചു കുഞ്ഞായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയ താരം. യു ഡി എഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കാണിച്ചു തരാം എന്ന് പറയുമ്പോൾ വിപി സാനുവിനെ തന്നെ കാണണം എന്ന് പറഞ്ഞു കരയുന്ന കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ അത് സാനുവിന്റെ ശ്രദ്ധയിലും പെട്ടു. കുഞ്ഞിനെ കാണാൻ ചെമ്മങ്കടവിലെ ഫൈസാന്‍റെ വീട്ടിലേക്ക് സാനു എത്തി. കുറച്ചു സമയം കുട്ടിക്കൊപ്പം ചിലവഴിച്ച് കുഞ്ഞിനു ഒരു ഫുട്ബോളും സാനു സമ്മാനമായി നൽകി. കോഡൂർ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങൽതൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ മകനാണ് രണ്ടു വയസുകാരൻ ഫൈസാൻ. ഏതായാലും വിപി സാനുവിനെ കണ്ടതിൽ കുട്ടിക്കൊപ്പം ഇപ്പോൾ കുടുംബവും സന്തോഷത്തിലാണ്.