മലപ്പുറം: കുടിവെള്ളത്തിന് വേണ്ടി സ്ഥാനാർഥികളുടെ ചിത്രം വരച്ച് 10 വയസുകാരൻ യദു പി മഹേഷ്. എടവണ്ണ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡായ പടിഞ്ഞാറെ ചാത്തല്ലൂരിൽ മത്സരിക്കുന്ന നാല് സ്ഥാനാർഥികളുടേയും പടം വരച്ച് അതിനടിയിൽ ഞങ്ങൾക്ക് കുടിവെള്ളം തരുന്നവർക്ക് വോട്ട് എന്ന ആവശ്യം നിവേദന രൂപത്തിൽ തയ്യാറാക്കി യദു നൽകി.
കുടിവെള്ളത്തിന് വേണ്ടി സ്ഥാനാർഥികളുടെ ചിത്രം വരച്ച് 10 വയസുകാരൻ - kerala local boady election 2020 malappuram
സ്ഥാനാർഥികളുടെ ചിത്രം വരച്ച് അതിനടിയിൽ ഞങ്ങൾക്ക് കുടിവെള്ളം തരുന്നവർക്ക് വോട്ട് എന്ന ആവശ്യം നിവേദന രൂപത്തിൽ എഴുതി 10 വയസുകാരൻ യദു പി മഹേഷ്
ഒതായി പെരകമണ്ണ സ്‌കൂളിലെ 5-ാം ക്ലാസുകാരനായ യദു പി മഹേഷ് പറയുന്നത് ആര് ജയിച്ചാലും കുടിവെള്ളം എത്തിക്കണമെന്നും വോട്ട് കുടിവെള്ളം എത്തിക്കുന്നവർക്കാണെന്നുമാണ്. വോട്ട് തേടി വീട്ടിലെത്തിയ യു.ഡി.എഫ് സ്ഥാനാർഥി പി.പി.അബൂബക്കർ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി.അൻവർ, എൻ.ഡി.എ സ്ഥാനാർഥി വി.കെ.രാമനാഥൻ, ജനകീയ സ്വതന്ത്ര സ്ഥാനാർഥി കായലോട്ടുങ്കൽ അഫ്‌സൽ എന്നിവർക്കാണ് അവരുടെ ഫോട്ടോ വരച്ച് അതിന് അടിയിൽ ഞങ്ങൾക്ക് കുടിവെള്ളം തരുന്നവർക്ക് വോട്ട് എന്ന നിവേദനം നൽകിയത്. മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന്‍റെ രൂക്ഷത തിരിച്ചറിഞ്ഞ സ്ഥാനാർഥികൾ കുടിവെള്ളം എത്തിക്കുമെന്ന് യദുവിന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.
ചാത്തല്ലൂരിന്‍റെ പല ഭാഗങ്ങളിലും കുടിവെളളക്ഷാമം അതിരൂഷമാണ്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെല്ലാം പഞ്ചായത്തും സന്നദ്ധ സംഘടനകളും വാഹനങ്ങളിൽ എത്തിക്കുന്ന വെള്ളം മാത്രമാണ് ഇവിടുത്തുകാർക്ക് ആശ്രയം. നാടിന്‍റെ ആവശ്യം തന്‍റെ രചനയിലൂടെ പൊതു സമൂഹത്തിന്‍റെ മുന്നിലെത്തിക്കാൻ കഴിഞ്ഞതിന്‍റ ആശ്വാസത്തിലാണ് ഈ 10 വയസുകാരൻ. ഇവിടെ നിന്ന് ആര് ജയിച്ചാലും യദുവിന് നൽകിയ വാക്ക് പാലിക്കേണ്ടി വരും. കെ.എസ്.ഇ.ബി അകമ്പാടം ഓഫീസിലെ ജീവനക്കാരനും പ്രമുഖ ചിത്രകാരനുമായ മഹേഷ് ചിത്രവർണത്തിന്‍റെ മകനാണ് യദു.