മലപ്പുറം:കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലവിലെ അന്വേഷണം പ്രഹസനമാണെന്ന് ആക്ഷേപിച്ച അദ്ദേഹം സിപിഎം അറിഞ്ഞുകൊണ്ട് ഈ തട്ടിപ്പ് മൂന്നുവർഷത്തോളം മൂടി വച്ചുവെന്നും ആരോപിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷം മാത്രമാണ് ഇത്തരമൊരു അന്വേഷണത്തിലേക്ക് കടന്നതെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു.
ഒരു കുറ്റകൃത്യം നടന്നതായി ബോധ്യപ്പെട്ടാൽ അത് പൊലീസിൽ അറിയിക്കേണ്ട ബാധ്യത പൊതുപ്രവർത്തകരടക്കം ഏതൊരു പൗരനുമുണ്ട്. എന്നാൽ ഉത്തരവാദിത്തപ്പെട്ട നേതാക്കളറിഞ്ഞു കൊണ്ടാണ് ഇത്തരമൊരു തട്ടിപ്പ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചീറ്റിപ്പോയത് സിപിഎമ്മിന്‍റെ സ്ത്രീപക്ഷ വാദം
മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. ശശീന്ദ്രനെതിരായ വിവാദം ചീറ്റിപ്പോയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ശശീന്ദ്രനെതിരായ പരാതിയില്ല സിപിഎമ്മിന്‍റെ കപടമായ സ്ത്രീപക്ഷ വാദവും നവോത്ഥാന വാദവുമാണ് ചീറ്റിപോയതെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.