കേരളം

kerala

ETV Bharat / state

ഹോംനഴ്‌സ് കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ - home nurse murder

മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

പ്രതി കരിങ്കപ്പാറ അബ്‌ദുൾ സലാം

By

Published : Jul 12, 2019, 5:51 PM IST

Updated : Jul 13, 2019, 10:01 AM IST

മലപ്പുറം: വളാഞ്ചേരിയില്‍ ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹോട്ടൽ തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. തനിച്ച് താമസിച്ചിരുന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മൻസിലിൽ റഫീഖിന്‍റെ ഭാര്യ നഫീസത്താണ് കൊല്ലപ്പെട്ടത്. വെട്ടിച്ചിറ പുന്നത്തല കരിങ്കപ്പാറ അബ്ദുൽസലാമിനെയാണ് തിരൂർ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബലാത്സംഗ ശ്രമം വിജയിക്കാതിരുന്നതോടെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കവർച്ച മുതലുകൾ തിരൂർ, വളാഞ്ചേരി എന്നിവിടങ്ങളിൽ നിന്നായി കണ്ടെടുത്തു. ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചതോടെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ നഫീസത്ത് താമസിക്കുന്ന വീട്ടിലെത്തിയെന്ന് അബ്ദുൽസലാം പൊലീസിൽ മൊഴി നൽകി. ശാരീരികമായി കീഴ്‌പ്പെടുത്തുന്നതിനിടെയാണ് കഴുത്തിൽ ഷാൾ മുറുക്കിയത്. മരണം ഉറപ്പായതോടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും നഫീസത്തിന്‍റെ മൊബൈൽഫോണും കവർന്ന് രക്ഷപ്പെട്ടു. ആദ്യം മംഗലാപുരത്തേക്കാണ് പോയത്. നാട്ടിൽ തന്നെ കുറിച്ച് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് തോന്നിയതോടെ മടങ്ങിയെത്തി വെട്ടിച്ചിറയിൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. സ്വർണാഭരണങ്ങൾ വളാഞ്ചേരിയില്‍ വില്‍പ്പന നടത്തി. ഇന്ന് രാവിലെ വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് നടത്തി. നഫീസത്തിനെ കൊലപ്പെടുത്തിയ ക്വാർട്ടേഴ്‌സിലും ആഭരണവും മൊബൈൽഫോണും വിറ്റ കടകളിലും പ്രതിയെ കൊണ്ടുപോയി. അയൽവാസികൾ നൽകിയ സൂചനകളാണ് കേസിന്‍റെ അന്വേഷണത്തിൽ നിർണായകമായതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മെലിഞ്ഞ പ്രകൃതക്കാരനായ ഒരാളെ സംശയകരമായി കണ്ടതായി നാട്ടുകാർ മൊഴി നൽകിയിരുന്നു. നഫീസത്തിന്‍റെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്താൻ സഹായകമായി. ഇക്കാര്യങ്ങള്‍ അറിയാതെയാണ് ഇയാൾ മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിയത്. അയൽവാസികൾ പ്രതിയെ തിരിച്ചറിഞ്ഞതോടെ കൊലയാളിക്കായുള്ള അന്വേഷണത്തിന് വിരാമമായി. ചൊവ്വാഴ്ചയായിരുന്നു നഫീസത്തിനെ വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതര ജില്ലക്കാരിയായ ഇവരുമായി വലിയ അടുപ്പമോ ബന്ധമോ ഇല്ലാതിരുന്നിട്ടും അയൽവാസികൾ അന്വേഷണത്തോട് മികച്ച നിലയിൽ സഹകരിച്ചതിനാലാണ് പ്രതിയെ എളുപ്പത്തിൽ പിടികൂടാനായതെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൽകരീം പറഞ്ഞു.

ഹോംനഴ്‌സ് കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ
Last Updated : Jul 13, 2019, 10:01 AM IST

ABOUT THE AUTHOR

...view details