മലപ്പുറം: കാട്ടാന ആക്രമണത്തിൽ വലഞ്ഞ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിലെ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ജിഷയുടെ നേതൃത്വത്തിൽ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫീസിൽ എത്തി പ്രശ്നങ്ങൾ അവതരിപ്പിച്ചു. ഒരു മാസത്തിനിടെ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അധികൃതർ സുരക്ഷാ നടപടികളൊന്നും ഒരുക്കിയില്ലെന്നും അടിയന്തിര നടപടികളെടുക്കണമെന്നാവശ്യപ്പെട്ടുമാണ് ഡി.എഫ്.ഒ ഓഫീസിൽ എത്തിയത്.
അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യു, എടവണ്ണ റേഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസ് എന്നിവരുമായിട്ടാണ് ചർച്ച നടത്തിയത്. വലിയ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ഭരണാനുമതി തരികയും ഫണ്ട് അനുവദിക്കുകയും ചെയ്തങ്കിൽ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്നും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ നടപടി എടുക്കുമെന്നും ചർച്ചയിൽ അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.