മലപ്പുറം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലമ്പൂരിൽ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. നിലമ്പൂർ ടൗണിൽ ഉൾപ്പടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല.
പരിസ്ഥിതി ലോല മേഖല വിധിക്കെതിരെ പ്രതിഷേധം; യുഡിഎഫ് ഹർത്താൽ നിലമ്പൂരിൽ പൂർണം ഏതാനും സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. യുഡിഎഫ് പ്രവർത്തകർ ഹർത്താൽ നടക്കുന്ന നിലമ്പൂർ ടൗണിൽ ഉൾപ്പെടെ രാവിലെ മുതൽ സജീവമാണ്. ചാലിയാർ, പോത്തുകൽ, ചുങ്കത്തറ, എടക്കര, വഴിക്കടവ്, കരുളായി, മൂത്തേടം, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലും ഹർത്താൽ പൂർണമാണ്.
വന്യജീവി സങ്കേതങ്ങളോട് ചേർന്നുകിടക്കുന്ന മലയോര മേഖലകളിൽ സുപ്രീംകോടതി വിധി വലിയ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ യുഡിഎഫ് നടത്തുന്ന ഹർത്താലിനോട് മലയോര മേഖല സഹകരിക്കുന്ന കാഴ്‌ചയാണ് കാണുന്നത്.
അതിനിടെ നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് ഷെറി ജോർജിനെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം യുഡിഎഫ് പ്രവർത്തകർ പ്രതിരോധിച്ചതോടെ ചെറിയ തോതില്‍ സംഘർഷമുണ്ടായി. ഒടുവില്‍ ഷെറി ജോർജിനെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് മടങ്ങി. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ എബ്രഹാമിന്‍റെ നേതൃത്വത്തിൽ വലിയ പൊലീസ് സുരക്ഷയാണ് നിലമ്പൂർ മേഖലയിൽ ഒരുക്കിയിരിക്കുന്നത്.
Also Read: 'ബഫർസോൺ വിധി അസ്ഥിരപ്പെടുത്തണം' ; ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ ആദ്യ മണിക്കൂറുകളിൽ പൂർണം