മലപ്പുറം:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിലേയ്ക്ക് എത്തിക്കാന്‍ നീക്കം. ഞായറാഴ്‌ച യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ.അബ്‌ദുല്‍ അസീസിന്‍റെ നിലമ്പൂരിലെ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തി. നേരത്തെ പാണക്കാടെത്തി മുസ്ലീംലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളെ അറിയിക്കാതെയാണ് ഹസന്‍ നിലമ്പൂരെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണിക്ക് പുറത്ത് നീക്കു പോക്കുണ്ടാക്കുകയും നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയിലെത്തിക്കാനുമുള്ള നീക്കവുമാണ് നടക്കുന്നതെന്നാണ് സൂചന. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെയും എം.എം.ഹസന്‍ അടുത്ത ദിവസങ്ങളില്‍ കാണും. കേരള കോണ്‍ഗ്രസ് എം ജോസ് പക്ഷം മുന്നണി വിട്ടതിലുള്ള ക്ഷീണം മറികടക്കാനാണ് യുഡിഎഫിന്‍റെ പുതിയ നീക്കം.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിലേയ്ക്ക് വരുന്നതില്‍ മുസ്‌ലിം ലീഗിന് അനുകൂല സമീപനമാണ്. എന്നാല്‍ സമസ്‌തയും മുസ്ലീംലീഗിന്‍റെയും മലപ്പുറത്തെ ഒരു വിഭാഗവും ഈ നീക്കത്തിന് എതിരാണ്. പാര്‍ട്ടിയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ മറികടക്കാമെന്ന വിശ്വാസത്തിലാണ് മുസ്ലീം ലീഗ്. എന്നാല്‍ സമസ്‌ത - സുന്നി വിഭാഗത്തിന്‍റെ നിലപാട് അത്രത്തോളം ആശാവഹമല്ലെന്നാണ് സൂചന. വെല്‍ഫെയര്‍ പാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയായി യുഡിഎഫിനെയും മുസ്ലീംലീഗിനെയും മറയാക്കുമെന്ന ആശങ്കയിലാണ് സമസ്‌ത - സുന്നി വിഭാഗം.
ജില്ലയില്‍ ആര്യാടന്‍ മുഹമ്മദും, ഷൗക്കത്തുമടക്കമുള്ള നേതാക്കള്‍ കടുത്ത ജമാഅത്തെ ഇസ്‌ലാമി വിരുദ്ധരായാണ് അറിയപ്പെടുന്നത്. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ ശേഷം നടന്ന ഈ നീക്കങ്ങളോട് അന്നത്തെ യുഡിഎഫ് കണ്‍വീനറായിരുന്ന ബെന്നി ബെഹന്നാന്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ എം.എം. ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തെത്തിയതോടെയാണ് ഈ നീക്കങ്ങള്‍ക്ക് വേഗതയേറിയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചിരുന്നു.